കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയിരിക്കെ വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ നപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന ആരംഭിക്കും.
വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന കർശനമാക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം , വിതരണം, എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും. കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റ്, ചില്ലറ വിൽപ്പന ശാല, മാർക്കറ്റുകൾ, വഴിയോര ഭക്ഷണശാലകൾ,കേറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കാണ് ഊന്നൽ.
ശേഖരിക്കുന്ന സാമ്പിളുകൾ ലാബിലേക്ക് അയക്കും. കേക്കുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് 10 കിലോഗ്രാം ഉത്പന്നത്തിൽ 10 ഗ്രാം മാത്രമാണ്. കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പ് വരുത്തണം.
ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ ഉള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും, വീട്ടിൽ നിർമ്മിക്കുന്നവരും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ്.
ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കൾ കണ്ടെത്തിയാൽ ആറു മാസം മുതൽ ജീവപര്യന്തം വരെ തടവും
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം പിഴയും അടക്കണം. ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷവും സുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷനില്ലാത്ത സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും ആറുമാസം തടവും ലഭിക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Post Your Comments