റിയാദ്: 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി 27 വര്‍ഷത്തിനുശേഷം തുറക്കാൻ ഒരുങ്ങുന്നു. ഇറാഖുമായി പങ്കിടുന്ന അറാര്‍ അതിര്‍ത്തി ചരക്കുഗതാഗതത്തിന് തുറന്ന് നൽകാൻ സൗദി അറേബ്യ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ചേര്‍ന്ന സൗദി കാബിനറ്റ് യോഗത്തിൽ ഇറാഖുമായി സംയുക്ത വ്യാപാര കമീഷന് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അതിര്‍ത്തി തുറക്കാനുള്ള നടപടിയും കൈകൊണ്ടത്. നിലവില്‍ ഹജ്ജ് വേളയില്‍ മാത്രമാണ് അറാറിലൂടെ ഇറാഖികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ വ്യാപിക്കുന്ന ഇറാന്റെ സ്വാധീനം ചെറുക്കുന്നതിന് ഇറാഖിനെ ഒപ്പം കൂട്ടുന്നതിനാണ് സൗദിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
ഇറാഖിലെ ശിയ നേതാവും ദക്ഷിണമേഖലയില്‍ വലിയ അനുയായിവൃന്ദവുമുള്ള മുഖ്തദ അല്സദ്ര് കഴിഞ്ഞദിവസം സൗദിയിലെത്തിയിരുന്നു. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അറാര്‍ അതിര്‍ത്തിയും വിഷയമായതായി അദ്ദേഹത്തിന്റെ ഒാഫിസ് അറിയിച്ചിരുന്നു. അതിര്‍ത്തി തുറക്കുന്നത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢപ്പെടുമെന്ന് ഇറാഖിന്റെ ദക്ഷിണപടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലെ ഗവര്‍ണര്‍ സുഹൈബ് അല്‍ റാവി പറഞ്ഞു.
Post Your Comments