KeralaLatest NewsNews

പാലക്കാട് കളക്ടറെ മാറ്റിയത് കേന്ദ്ര ഇടപെടലിനെ തുടർന്നെന്ന് സൂചന

തിരുവനന്തപുരം: ആർ. എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാലക്കാട് കളക്ടർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമാകുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇസഡ് കാറ്റഗറി സുരക്ഷ സംവിധാനമുള്ള വി.വി.ഐ.പി ആയ മോഹൻ ഭഗവതിന്റെ യാത്രാ പരിപാടികൾ സംബന്ധിച്ച പൂർണ വിവരം ജില്ലാ കളക്ടർക്ക് ആഴ്ചകൾക്ക് മുമ്പ് തന്നെ അറിവുണ്ടായിട്ടും തലേന്ന് അർദ്ധരാത്രി രാത്രി നോട്ടീസ് നൽകിയ നടപടി കേന്ദ്ര ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു.

ഇത് വി.വി.ഐ.പിയെ അപമാനിക്കലും സുരക്ഷ നടപടികൾ അട്ടിമറിക്കലും ആണെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്. ഫ്ളാഗ് കോഡിനെയും സുപ്രീം കോടതി വിധിയേയും മറി കടന്ന് കളക്ടർ നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച് ഐ.ബി റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരൊക്കെ സമ്മർദ്ദം ചെലുത്തി എന്ന് ഐ.ബി കണ്ടെത്തിയിട്ടുണ്ട്.

അടിയന്തര നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയെ വിളിച്ച് നടപടി സ്വീകരിക്കാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് പരിഗണനയിൽ ഉണ്ടായിരുന്ന കളകടർമാരുടെ മാറ്റം ഉടൻ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട് കളക്ടർ സ്ഥാനത്ത് നിന്നും നീക്കിയ മേരിക്കുട്ടിക്ക് വേറെ പോസ്റ്റിംഗ് നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം ജില്ലാ കളക്ടറായി നവജ്യോത് ഖോസ, തിരുവനന്തപുരം ജില്ലാ കളക്ടറായി കെ. വാസുകി, കൊല്ലം ജില്ലാ കളക്ടറായി എസ്. കാര്‍ത്തികേയന്‍, പാലക്കാട് ജില്ലാ കളക്ടറായി സുരേഷ് ബാബു എന്നിവരെ നിയമിച്ചു. ടി.വി. അനുപമയാണ് ആലപ്പുഴ ജില്ലയുടെ പുതിയ ഭരണാധികാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button