കോഴിക്കോട്: മലയാളിയുടെ മുന്നിലേക്ക് മറ്റൊരു കര്‍ഷകദിനം കൂടി. ഇന്ന് കര്‍ക്കടകത്തിന്റെ കാര്മേഘമൊഴിഞ്ഞ് പൊന്‍വെയില്‍ തെളിയുന്ന ചിങ്ങമാസത്തിനു തുടക്കം കുറിക്കുകയാണ്. മലയാളികളുടെ പുതുവര്‍ഷപ്പിറവി കൂടിയാണ് ചിങ്ങപ്പുലരി.
മലയാളികൾക്ക് ചിങ്ങപ്പിറവി കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും ഒരുക്കങ്ങളുടെ മുഹൂര്‍ത്തം കൂടിയാണ്. എന്നാൽ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിയും ആന്ധ്രയില്‍ നിന്ന് അരിയും കാത്തിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് കൊയ്യാനും വിളവെടുക്കാനും ഏറെയൊന്നുമില്ലെന്നതാണ് വാസ്തവം. മാത്രമല്ല കര്‍ഷകരുടെ പരാതി ഉള്ളവക്ക് വിലയില്ലെന്നാണ്. കൂടാതെ വിലയുള്ള ഉല്പന്നങ്ങള്ക്ക് രോഗബാധയും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയുമാകുന്നു. നാളികേരത്തിന് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ഉല്പാദനം തീരെ കുറഞ്ഞിരിക്കുകയാണ്.
നെല്ല് സംഭരണം കൃത്യമായി നടക്കുന്നുണ്ടെങ്കിലും പണം നല്കാന് സപ്ലൈകോ മടികാട്ടുകയുമാണ്. കിലോക്ക് 22.50 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. നേരത്തേ സ്വകാര്യ മില്ലുകാര്‍ ഇതേ വിലയില്‍ നെല്ല് സംഭരിച്ചപ്പോള് പെട്ടെന്ന് പണം ലഭിച്ചിരുന്നു. 22.50 രൂപയില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാറും ബാക്കി തുക സംസ്ഥാനവുമാണ് നല്‍കേണ്ടത്.
നാളികേര സംഭരണം കേരഫെഡിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ തുടങ്ങാനായിട്ടില്ല. കേരഫെഡ് കൃഷിഭവനുകള്‍ക്കു പുറമേ, പ്രാഥമിക സഹകരണ സംഘങ്ങളും മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളും വഴി പച്ചത്തേങ്ങ സംഭരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. നിലവിലെ സംഭരണ വിലയായ 25 രൂപയേക്കാള്‍ കൂടുതല്‍ വിപണിവില കിട്ടുന്നതിനാല്‍ സംഭരണം കര്‍ഷകര്‍ക്കും വിഷയമല്ലാതായി.
‘ഒാണത്തിന് ഒരു മുറം പച്ചക്കറി’ എന്ന സര്‍ക്കാര്‍ പദ്ധതി വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കുടിശ്ശികയുള്ള കര്‍ഷക പെന്ഷന് അനുവദിക്കാനായി 241 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പല ജില്ലകളിലും കഴിഞ്ഞ ജൂലൈ മുതലുള്ള പെന്ഷന് കുടിശ്ശികയുണ്ട്.
Post Your Comments