മനാമ ; ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ആസ്ഥാനമന്ദിരം പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് ഭൂമിവാങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് നിര്‍മ്മാണമാരംഭിച്ച മന്ദിരം ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. 7,598 ചതുരശ്രമീറ്ററില്‍ സീഫില്‍ സിറ്റി ബാങ്കിന് എതിര്‍വശത്തായി രണ്ടര ദശലക്ഷം ദിനാര്‍ ചിലവിലാണ് എംബസി മന്ദിരം നിർമിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ആദ്യത്തെ ഔപചാരിക പരിപാടിയായി സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഇവിടെ ദേശീയ പതാകയുയര്‍ത്തി.
രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. വിശാലമായ ഓഫീസ് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തില്‍ കോണ്‍സുലാര്‍ ഓഫീസ്, ലേബര്‍ സെക്ഷന്‍, 500 പേര്‍ക്ക് ഇരിക്കാവുന്ന ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളുമുണ്ട്. ഇതോടു ചേര്‍ന്നു തന്നെ സ്റ്റാഫിനു താമസിക്കാനായി ഒരു നാലുനുലക്കെട്ടിടവും പൂര്‍ത്തിയായിട്ടുണ്ട്.
2015 ഡിസംബറോടെ മന്ദിരം പ്രവര്‍ത്തനസജ്ജമാകുമെന്ന് അന്നത്തെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റാംസിംഗ് പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ ഭൂരിഭാഗം നിര്‍മ്മാണവും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രിയുടെ സൗകര്യം നോക്കിയിരിക്കുകയാണ് ഉദ്ഘാടനത്തിന് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാതിരുന്നപ്പോള്‍ ഇന്ത്യന്‍ സമൂഹം അത്ഭുതപ്പെട്ടു. അതിനാൽ അടുത്ത മാസങ്ങളില്‍ത്തന്നെ എംബസിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുകയാണ് ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം.
Post Your Comments