KeralaLatest NewsNews

മുരുകന്റെ മരണത്തില്‍ വീഴ്ച പറ്റിയത് ആര്‍ക്കെന്ന് വെളിപ്പെടുത്തി അന്വേഷണ സമിതി

കൊല്ലം: ചികിത്സകിട്ടാതെ തമിഴ;നാട് സ്വദേശി മുരുകന്‍ മരിക്കാന്‍ ഇടയായതില്‍ ആശുപത്രികള്‍ക്കും മുരുകനെ അവിടെയെത്തിച്ച ട്രാക്കിനും വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വഷണസമിതിയുടെ കണ്ടെത്തല്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിതയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ബുധനാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കും.

മുരുകനെയും പരിക്കേറ്റ മറ്റു മൂന്നുപേരെയും ആദ്യം എത്തിച്ചത് കൊട്ടിയം കിംസ് ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് കിംസിലെ ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ട്രാക്കിന്റെ ആംബുലന്‍സ് അധികൃതരാണ് മെഡിട്രീന ഹോസ്പിറ്റലില്‍ വിളിച്ചതും അവിടേക്ക് മുരുകനെ കൊണ്ടുപോയതും. ന്യൂറോ സര്‍ജന്‍ ഇല്ല എന്ന് പറഞ്ഞാണ് ഇവിടെ നിന്ന് തിരിച്ചയച്ചത്.

അടിയന്തരസന്ദര്‍ഭങ്ങളില്‍ മറ്റ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാറുണ്ട്. എന്നാല്‍ മുരുകന് ചികിത്സ നല്‍കുന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചെയ്തില്ല.

ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃരുടെ വാദങ്ങള്‍ തള്ളുന്നതാണ് ഇവരുടെ മൊഴി. ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതുവരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന് സഹായിക്കുന്ന ആംബുബാഗ് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലെന്ന മറുപടിയാണ് ഇവിടെ നിന്ന് ലഭിച്ചതെന്നാണ് ട്രാക്ക് പ്രവര്‍ത്തകര്‍ അന്വേഷണസംഘത്തിന് നല്കിയ മൊഴി.

എന്നാല്‍ ഇക്കാര്യം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ പരിക്കേറ്റ ആള്‍ രക്ഷപ്പെടുത്താന്‍ പറ്റാത്ത നിലയില്‍ ആയിരുന്നുവെന്നാണ് ഇവരുടെ മൊഴി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്നു മണിക്കൂറാണ് മുരുകനെയും കൊണ്ട് ട്രാക്ക് പ്രവര്‍ത്തകര്‍ കാത്തു നിന്നത്.

സംഭവത്തില്‍ ക്രൈം ബ്രാഞ്ച് എ.സി.പി. അശോകന്റെ മേല്‍ നോട്ടത്തിലുള്ള അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button