Latest NewsNews StorySpecialsReader's Corner

ഒരു ഭാരതീയനെന്ന നിലയില്‍ അഭിമാനിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്; സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോള്‍!

“ സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം “

ഇന്ന് ആഗസ്റ്റ്‌ 15 ; നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഇതാ വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകള്‍ നീണ്ട നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . “ഞാനില്ലെങ്കിലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തി കഴിയണമെന്നാഗ്രഹിച്ച നമ്മുടെ പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. അവരുട സ്വന്തം ജീവന്‍ കൊടുത്ത് നമുക്ക് നേടി തന്നു, നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം ആണ് ഇത്. എന്നാല്‍ ഇന്നത്തെ ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യമുണ്ടോ? അധികാരവും പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം . വിദേശമുതലാളിമാരില്‍ നിന്ന് സ്വാതന്ത്ര്യവും , പരമാധികാരവും ഇന്നിപ്പോള്‍ സ്വദേശി മുതലാളിമാരുടെ കൈകകളില്‍ എത്തി നില്‍ക്കുന്നു. ഇത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം. ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും , അത്യന്തം ആപല്‍ക്കരവുമായ അവസ്ഥ . മതേതരത്വം എന്നത് ഇന്ന് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായി അധപ്പതിച്ചിരിക്കുന്നു .

“സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം……”

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു വീണ്ടു വിചാരം ആവശ്യമാണ്. ഇന്ന് സ്വാതന്ത്ര്യം വാക്കുകളിലും, പുസ്തകതാളുകളിലും മാത്രമായൊതുങ്ങി പോവുന്നു.
സാമ്രാജ്യത്വ ശക്തികളുടെയും , സ്വദേശി – വിദേശി കോര്‍പ്പറേറ്റുകളുടെയും അധികാര ദല്ലാളുകളെ പടിയടച്ച് പിണ്ഡം വച്ച് ; വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തി ; മതേതരത്വവും , ജാനാധിപത്യവും , ഭാരതത്തിന്‍റെ പരമാധികാരവും , അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുത്തും പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ ഇന്ന് ഇവിടെ എത്രപ്പേര്‍ക്ക് ധൈര്യമുണ്ട്. പൊതു സമൂഹത്തില്‍ സ്ത്രീയ്ക്ക് അവള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരവധി നിയമങ്ങള്‍ നിലവിലുണ്ടെന്നിരിക്കെ, ഇതൊക്കെ സംഭവിക്കുന്നത് നമ്മുടെ നിയമ വ്യവസ്ഥിതിയുടെ ബലഹീനതകൊണ്ടാണെന്ന് പറയുവാനാഗ്രഹിക്കുന്നു. പിന്നെ പല കേസുകളിലെയും പ്രതികളുടെ സാമ്പത്തിക സ്‌ത്രോതസ്സുകളും ഉന്നതബന്ധങ്ങളും ഒരു പരിധിവരെ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടുവാന്‍ സഹായിച്ചിട്ടുണ്ട്. കള്ളവും ചതിയും ഇന്നും നമുക്കിടയില്‍ ഒരു തുടര്‍ക്കഥ മാത്രം. അതും കൂടുതല്‍ വ്യാപ്തിയില്‍. സായിപ്പിനെ തൊഴിച്ചു പുറത്താക്കി സദ്ഭരണം കാഴ്ചവെക്കുമെന്നു പറഞ്ഞവര്‍ പഴയ കാട്ടുകൊള്ളയും വൃത്തിക്കെട്ടനീതിയും പിന്തുടരുന്നു. സത്യത്തില്‍ ഇന്ന് ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. കടം കയറി മുടിഞ്ഞു ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍, വഞ്ചിന മാത്രം പേറുന്ന ആദിവാസികകളും ദളിതരും. കൂടാതെ, നേര്‍വഴി ചൊല്ലാനിറങ്ങി വഴിതെറ്റി സഞ്ചരിക്കുന്ന പൗരോഹിത്യം. തുടരുന്ന കോഴക്കഥകള്‍. പാര്‍ട്ടികള്‍, അനീതിയുടെയും അധര്‍മത്തിന്റെയും ശംഖൊലി എവിടെയൊക്കെയോ ഇട തടവില്ലാതെ മുഴങ്ങുന്നു. നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പുകള്‍ വീണ്ടും വീണ്ടും വെറുതെയാവുന്നു.

ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ….
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ..
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ…
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ…

അര്‍ഹിക്കുന്ന അംഗീകാരം സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഏവര്‍ക്കും ഇപ്പോഴും ലഭിക്കുന്നുണ്ടോ? സത്യത്തില്‍ നാമെങ്ങിനെയാണ് നാമായതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവന്‍ പോലും ഭാരതാംബയ്‌ക്ക് കാഴ്‌ച വച്ച് , ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സമൂഹത്തിന്ന് ഹാനികരമല്ലാത്ത ഏത് സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്താന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനെ തടസ്സപ്പെടുത്തിയാല്‍ ആര്‍ക്കെതിരെയും വ്യക്തിക്ക് അന്യായം ബോധിപ്പിക്കാം. ഇതിനൊക്കെ പുറമേ, ഇന്ന് പലപ്പോഴും സ്വാതന്ത്ര്യ ദിനാഘോഷം ടെലി വിഷനില്‍ കാണുകയാണ് പതിവ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധര്‍മം കൊടികുത്തി വാഴുന്നു. വര്‍ഗീയതയും ഫാസിസവും അതിന്റെ സര്‍വ സന്നാഹത്തോടുംകൂടി ആക്രമണം അഴിച്ചു വിടുന്നു. അപ്പോള്‍ സത്യത്തില്‍ നാം വര്‍ഷാവര്‍ഷം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം ആരുടേതാണ്? ഈ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ എന്താണ് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു എന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.

ഇന്ത്യ പൂര്‍ണ്ണ സ്വതന്ത്ര്യയാണ്. ഞാനടങ്ങുന്ന പൗരസമൂഹം അതിന്റെ ഗുണഭോക്താക്കളാണ് എന്ന രീതിയിലൊക്കെ കേള്‍ക്കാറുണ്ടെങ്കിലും, ഇതൊക്കെ നെഞ്ചില്‍ കൈവെച്ച് പറയാന്‍ എത്രപ്പേര്‍ക്ക് കഴിയും. ഇല്ല, അങ്ങനൊന്ന് പറയാന്‍ നമുക്ക് കഴിയില്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന, പൗരന്റെ മൗലികാവകാശങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടണം. ലോകത്തെ മറ്റ് പല രാജ്യങ്ങളിലെയും പോലെ ഏതെങ്കിലുമൊരു പ്രത്യേക മതാധിഷ്ഠിതമായ പാരതന്ത്ര്യം എന്തായാലും ഇന്ത്യയിലില്ലാ. ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാം. ആ ഒരു ഒറ്റ കാര്യം കൊണ്ട് മാത്രം ഞാനൊരു ഭാരതീയനാണ് എന്ന് അത്യഭിമാനത്തോടു കൂടി പറയുവാന്‍ സാധിക്കും, അത്രമാത്രം. ഭീകരതയെ ഉന്‍‌മൂലനാശം ചെയ്യാന്‍ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button