KeralaLatest NewsNews

ദേശീയപതാക ആര്‍.എസ്.എസ് നേതാക്കള്‍ കൈയിലെടുക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതി-ഡോ.തോമസ്‌ ഐസക്

തിരുവനന്തപുരം•മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനാണെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക് പറഞ്ഞു. ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി ആ പതാകയെ ഉപയോഗിക്കുകയാണ്. ദേശീയ പതാകയ്ക്കും അതിലെ മൂവര്‍ണത്തിനുമെതിരെ തരംതാണ അധിക്ഷേപവര്‍ഷം നടത്തിയ ചരിത്രം ആര്‍എസ്എസിനുണ്ട്. പാലക്കാടൊരു എയിഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ വാര്‍ത്ത കാണുമ്പോള്‍ കേരളം ഓര്‍ക്കുന്നത് ഈ ചരിത്രമാണെന്നും ധനമന്ത്രി ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

പൊതുവേദിയില്‍ സ്വകാര്യവ്യക്തികളോ സംഘടനാനേതാക്കളോ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്കൂളുകളും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ ആര്‍എസ്എസ് തലവന്‍ കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്തിയതിന് ഒരു ലക്ഷ്യമേയുള്ളൂ. ഏതു വിധേനെയും സംഘര്‍ഷം സൃഷ്ടിക്കുക.അങ്ങനെ സംഘര്‍ഷം സൃഷ്ടിക്കാനാണെങ്കില്‍പ്പോലും ഇതേവരെ ഭര്‍ത്സനം ചൊരിഞ്ഞ ദേശീയപതാക ആര്‍എസ്എസ് നേതാക്കള്‍ കൈയിലെടുക്കുന്നതിനെ ചരിത്രത്തിന്റെ കാവ്യനീതിയായാണ് നാം കാണേണ്ടതെന്നും അദ്ദേഹം കുറിച്ചു.

തോമസ്‌ ഐസക്കിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി ആ പതാകയെ ഉപയോഗിക്കുകയാണ്. ദേശീയ പതാകയ്ക്കും അതിലെ മൂവര്‍ണത്തിനുമെതിരെ തരംതാണ അധിക്ഷേപവര്‍ഷം നടത്തിയ ചരിത്രം ആര്‍എസ്എസിനുണ്ട്. പാലക്കാടൊരു എയിഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ വാര്‍ത്ത കാണുമ്പോള്‍ കേരളം ഓര്‍ക്കുന്നത് ഈ ചരിത്രമാണ്.

1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യലബ്ധിയില്‍ മതിമറക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശീയ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. അവിടം കൊണ്ടും അവര്‍ നിര്‍ത്തിയില്ല. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യാക്കാര്‍ക്കു മാനസികവിഭ്രാന്തികളുണ്ടാക്കുമെന്നും രാഷ്ട്രത്തിനതു ഹാനികരമാകുമെന്നുമൊക്കെ ആര്‍എസ്എസ് മുഖപത്രം തട്ടിവിട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും ആര്‍എസ്എസിനുണ്ടായിരുന്നില്ല. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരുടെ കാവിക്കൊടി ഇന്ത്യയുടെ ദേശീയപതാകയാക്കണമെന്നായി വാശി. പതാകയിലെ മൂവ‍ര്‍ണം മൂന്നു മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന വ്യാഖ്യാനമാണ് എതിർപ്പിനു കാരണമായി അവർ പ്രചരിപ്പിക്കുന്നത്.

ദേശീയ പതാകയില്‍ ഓറഞ്ചു നിറം ധൈര്യത്തേയും ത്യാഗത്തെയും സൂചിപ്പിക്കുന്നുവെന്നും വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമെന്നും പച്ച വിശ്വാസത്തിന്റെയും വീര്യത്തിന്‍റെയും നിറമെന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക. എന്നാല്‍ ആര്‍എസ്എസിന്‍റെ ശാഖയില്‍ പഠിപ്പിക്കുന്നത് ഓറഞ്ചു നിറം ഹിന്ദുവിനെയും വെള്ള ക്രിസ്ത്യാനിയെയും പച്ച മുസ്ലിമിനെയും പ്രതിനിധീകരിക്കുന്നുവെന്നുമാണ്. സ്പർദ്ധയും വിദ്വേഷവും വളർത്താൻ എത്ര തരംതാണ ന്യായങ്ങളാണ് സംഘപരിവാർ നിരത്തുന്നതെന്നു നോക്കൂ.

2005ല്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ അല്‍പ്പത്തരം വിളമ്പിയിട്ടുണ്ട്. മൂവര്‍ണം ജനസംഖ്യാപരമായ അസംബന്ധമാണത്രേ. കാരണമെന്തെന്നോ? പതാകയില്‍ നിറങ്ങള്‍ മൂന്നാണല്ലോ. ആര്‍എസ്എസുകാരുടെ വ്യാഖ്യാനമനുസരിച്ച് മൂന്നും മൂന്നു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്. അപ്പോല്‍ മൂന്നു നിറവും പതാകയില്‍ ഒരേ അളവാകുമ്പോള്‍ ജനസംഖ്യാപരമായി മൂന്നു മതത്തിന്‍റെയും ആള്‍ബലം തുല്യമാണ് എന്നാണത്രേ അർത്ഥം.

പക്ഷേ, ഹിന്ദുക്കള്‍ 89 ശതമാനമാണെന്നും ദേശീയപതാകയില്‍ വെള്ളയും പച്ചയും ചേരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകുമെന്നുമൊക്കെ ഓർഗനൈസർ ലേഖനം തട്ടിവിടുന്നു. ക്രിസ്ത്യാനിയും മുസ്ലിമും ചേര്‍ന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടാകുമെന്നാണത്രേ പതാക സൂചിപ്പിക്കുന്നത്…. ഇത്തരത്തിലുള്ള ജല്‍പനങ്ങളാണ് ദേശീയ പതാകയെ സംബന്ധിച്ച് ആര്‍എസ്എസ് സ്വാതന്ത്ര്യസമരകാലം മുതല്‍ പ്രചരിപ്പിച്ചു വരുന്നത്.

ആര്‍എസ്എസിനെ സംബന്ധിച്ച് കാവിക്കൊടിയാണ് ദേശീയപതാകയാകേണ്ടത്. കാവിക്കൊടിയ്ക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യം പടിവാതിലെത്തി നിന്നസമയത്ത് നാഗ്പ്പൂരിലെ ഗുരുപൂര്‍ണിമാ കൂട്ടായ്മയില്‍ പ്രസംഗിക്കവെ എംഎസ് ഗോല്‍വാള്‍ക്കര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്.

ഇത്തരത്തില്‍ ദേശീയപതാകയെയും മൂവര്‍ണങ്ങളെയും വല്ലാതെ അധിക്ഷേപിച്ചുവന്ന ആര്‍എസ്എസിന്റെ തലവനാണ് പൊടുന്നനെ പാലക്കാട്ടെത്തി ഒരു സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പൊതുവേദിയില്‍ സ്വകാര്യവ്യക്തികളോ സംഘടനാനേതാക്കളോ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്കൂളുകളും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ ആര്‍എസ്എസ് തലവന്‍ കേരളത്തിലെത്തി ദേശീയ പതാക ഉയര്‍ത്തിയതിന് ഒരു ലക്ഷ്യമേയുള്ളൂ. ഏതു വിധേനെയും സംഘര്‍ഷം സൃഷ്ടിക്കുക.അങ്ങനെ സംഘര്‍ഷം സൃഷ്ടിക്കാനാണെങ്കില്‍പ്പോലും ഇതേവരെ ഭര്‍ത്സനം ചൊരിഞ്ഞ ദേശീയപതാക ആര്‍എസ്എസ് നേതാക്കള്‍ കൈയിലെടുക്കുന്നതിനെ ചരിത്രത്തിന്റെ കാവ്യനീതിയായാണ് നാം കാണേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button