ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് ആലിയ ജോണ്‍ എന്ന വനിതാ കണ്ടക്ടര്‍ വരുന്നത്. യാത്ര ടിക്കറ്റ് കൊടുക്കുമ്പോള്‍ കുഞ്ഞിനെ ഒക്കത്തുണ്ടാകും. തെലങ്കാന നാരായണ്‍ഖദ് – ജെബിഎസ് – സംഗറെഡ്ഡി റൂട്ടിലോടുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഈ വനിതാ കണ്ടക്ടര്‍ എല്ലാ യാത്രക്കാര്‍ക്കും ഒരു അത്ഭുതമാണ്. പക്ഷേ ആലിയുടെ ജീവിതം മനസിലാക്കുന്നവര്‍ അവരെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ്.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ജോലിക്കാരിയാണ് സംഗറെഡ്ഡി ജില്ല സ്വദേശിയായ ആലിയ ജോണ്‍. പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മിശ്രവിവാഹമായിരുന്നത് കൊണ്ട് വീട്ടുകാരുടെ എതിര്‍പ്പുണ്ടായി. കുടുബാംഗങ്ങളെ എതിര്‍ത്ത് വിവാഹം കഴിച്ചതിനാല്‍ വീട്ടുകാരില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും യാതൊരു പിന്തുണയുമില്ലാതെയാണ് ആലിയയും ഭര്‍ത്താവ് യു.രവീന്ദറും രണ്ടുമക്കളും കഴിയുന്നത്.
കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ആലിയയും ഭര്‍ത്താവും ജോലിക്ക് പോകുമ്പോാള്‍ മക്കളെയും കൂടെ കൂട്ടും. മൂന്നുവയസ്സുള്ള മൂത്തമകന്‍ രംഗനാഥ് രക്ഷക് പ്രീ സ്‌കൂളില്‍ പോകുന്നുണ്ട്. ഉച്ചവരെ പ്രീ സ്‌കൂളില്‍ ഇരുന്നതിന് ശേഷം ബാക്കി സമയം കുട്ടി അച്ഛനൊപ്പം ചെലവഴിക്കും. രണ്ടാമത്തെ കുഞ്ഞിന് ആറുമാസമാണ് പ്രായം. ശ്രദ്ധയും പരിചരണവും ആവശ്യമായ സമയമായതിനാല്‍ ഇളയ കുഞ്ഞിനെ ആലിയ തനിക്കൊപ്പം കൊണ്ടുപോകും. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആര്‍ടിസി അധികൃതര്‍ ആലിയയോട് ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശിച്ചതായി തെലങ്കാന റ്റുഡെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിത്രം പ്രചരിച്ചതിന്റെ പേരില്‍ തന്റെ ജോലി നഷ്ടപ്പെട്ടേക്കുമോ എന്ന ഭീതിയിലാണ് യുവതി.
പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്റെ അവസ്ഥകള്‍ വിശദീകരിച്ച് ഓഫീസ് ജോലി നല്‍കണമെന്ന് മേലുദ്യോഗസ്ഥരോട് ആലിയ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഒഴിവുകളൊന്നും ഇല്ലാത്തതിനാല്‍ കണ്ടക്ടര്‍ പോസ്റ്റില്‍ തന്നെ അവര്‍ക്ക് തുടരേണ്ടി വന്നു. ഓര്‍ഡിനറി ബസ്സില്‍ നിന്നും എക്‌സ്പ്രസിലേക്ക് മാറ്റി ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് കഴിയാവുന്ന സഹായം ഇവര്‍ക്ക് ചെയ്തുകൊടുത്തു.
Post Your Comments