ന്യൂഡല്‍ഹി : ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ആറിനു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവരുന്നത്.
ന്യൂഡല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം, ഷാങ്ഹായ് പുഡോങ്ങ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. വിമാനം മാറിക്കയറുന്നതിനായി പുറത്തിറങ്ങിയ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സത്‌നാം സിങ് ചഹാലാണ് വിമാന ജീവനക്കാരുടെ വഴിവിട്ട പെരുമാറ്റം കണ്ട് ഇക്കാര്യം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വീല്‍ചെയര്‍ യാത്രക്കാര്‍ക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്കു കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോടു ഗ്രൗണ്ട് സ്റ്റാഫ് ബോധപൂര്‍വം മോശമായി പെരുമാറിയെന്നാണ് സത്‌നാം സിങ് ചഹാലിന്റെ ആരോപണം.
അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. ‘സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുള്ളതിനാല്‍, ഇന്ത്യന്‍ യാത്രക്കാരെ കണ്ടതും എയര്‍ലൈന്‍ ജീവനക്കാരുടെ ശരീരഭാഷ മാറി. മോശം രീതിയിലാണ് അവര്‍ യാത്രക്കാരോടു പെരുമാറിയത്. ഈ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരോടു ചൈനയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കണം’- സുഷമ സ്വരാജിന് എഴുതിയ കത്തില്‍ സത്‌നാം സിങ് ചഹാല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നു ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല. ‘വിമാന ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനമാണ്’ നല്‍കിയതെന്നും സിന്‍ഹുവ പറഞ്ഞു. പരാതിക്ക് ഇടയായ സംഭവം നടന്നിട്ടില്ലെന്നു ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അധികൃതരും നിലപാടെടുത്തു. എന്നാല്‍, പരാതി കിട്ടിയ ഉടന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് സംഭവത്തില്‍ ഇടപെട്ടു. ഇതോടെ ഷാങ്ഹായ് വിദേശകാര്യ മന്ത്രാലയവും പുഡോങ് വിമാനത്താവള അധികൃതരും നിലപാട് മാറ്റുകയും പരാതി അന്വേഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Post Your Comments