ആയുര്‍വേദം പ്രമേഹത്തെ ഒരു മഹാ രോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാരോഗം എന്ന ഗണത്തില്‍ പെടുത്തുന്നത് രോഗത്തിന് മൂന്ന് പ്രത്യേകതകള്‍ ഉണ്ടാകുമ്പോഴാണ്. രോഗം ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥ, രോഗത്തിന്റെ ആന്തരിക വ്യാപ്തി, സാമ്പ്രദായിക ചികിത്സാരീതികള്‍ക്ക് വഴങ്ങാത്ത രോഗത്തിന്റെ സ്വഭാവം എന്നിവയാണത്. പ്രമേഹത്തെക്കുറിച്ച് ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദമായ പരാമര്‍ശമുണ്ട്. നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും രോഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ല. പലതിനും കാലിക പ്രസക്തിയുമുണ്ട്. പ്രമേഹം എന്ന പേര് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. കൂടുതലായി മൂത്രം പോവുക എന്ന അവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
ഇന്ന് പ്രമേഹം എന്ന പേരില്‍ അംഗീരിച്ചിട്ടുള്ള ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം ആയുര്‍വേദത്തിലെ മധുമേഹമാണ്. ഇതിനുപുറമേ 19 തരം പ്രമേഹത്തെകൂടി ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുണ്ട്. എല്ലാ പ്രമേഹങ്ങളും ആത്യന്തികമായി മധുമേഹമായി പരിണമിക്കുന്നു എന്നതാണ് ആയുര്‍വേദസിദ്ധാന്തം. പ്രമേഹം ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കേവലമോ ആപേക്ഷികമോ ആയ കുറവു കൊണ്ടുണ്ടാകുന്ന രോഗമാണ്. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ എല്ലാം തകരാറിലാകുന്നു. ദഹനരസങ്ങളും അന്തസ്രാവങ്ങളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ദഹനരസങ്ങള്‍ ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയെ വിശ്ലേഷിപ്പിച്ച് ആഗിരണം സുഗമമാക്കുന്നു. ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍, സൊമാറ്റോസ്റ്റാറ്റിന്‍ എന്നീ ഹോര്‍മോണുകളാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിശ്ചിത അനുപാതത്തില്‍ ക്രമീകരിക്കുന്നത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്. ജൈവപ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു ഇത്തരം ഹോര്‍മോണുകള്‍, ദഹനരസങ്ങള്‍ എന്നിവയെ ശരീരാന്തര്‍ഗതമായ ഒരഗ്നിസമുച്ചയമായാണ് ആയുര്‍വേദം കാണുന്നത്. ജഠരാഗ്നി, ധാത്വാഗ്നി, ഭൂതാഗ്നി എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
പാകപരിണാമപ്രക്രിയ , ഊര്‍ജവിനിയോഗം എന്നീ ജൈവപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറുകളാണ് പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നത്. ഇതിന് അടിസ്ഥാനകാരണം ശരീരാന്തര്‍ഗതമായ അഗ്നിസമുച്ചയത്തിന്റെ പ്രവര്‍ത്തനവൈകല്യമാണ്. ഇതുകാരണം കഫം, മേദസ്സ് മുതലായ ധാതുക്കള്‍ക്ക് ദുഷ്ടിവരികയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഊര്‍ജദായകമായ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. തത്ഫലമായി ഓജസ്സ് കുറയും. ഒട്ടേറെ ശാരീരിക മാനസിക വ്യഥകള്‍ അനുഭവപ്പെടും. ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹത്തിന് കാരണമായ വൈകല്യങ്ങള്‍ കേവലം പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി) എന്ന അവയവത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വൃക്ക, ഹൃദയം, മസ്തിഷ്‌ക്കം എന്നീ മര്‍മ്മസ്ഥാനങ്ങളെക്കൂടി ഇത് ബാധിക്കുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ ആദ്യമേ ദര്‍ശിക്കാനാവും. രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടാകാമെന്ന് ആയുര്‍വേദത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യേകതരം അര്‍ശസ് ഉള്ളവര്‍ക്ക് കാലക്രമേണ പ്രമേഹം ഉണ്ടാകാം.
Post Your Comments