ജിദ്ദ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. മറ്റു വിദേശ ബാങ്കുകള്‍ സൗദിയില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു രാജ്യത്തെ ഏക ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നത്.
2017 അവസാനത്തോടെയായിരിക്കും സൗദി ബാങ്കിംഗ് മാര്‍ക്കറ്റില്‍ നിന്ന് എസ്ബിഐ പുറത്തുകടക്കുക. ലോകമെമ്പാടുമുള്ള എസ്ബിഐ ശാഖകള്‍ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കിങ് ഫഹദ് റോഡിലെ ശാഖയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച ശേഷം ബാങ്കിന്റെ ലൈസന്‍സ് പിന്‍വലിക്കും.
2005 ഒക്ടോബറിലാണു സൗദിയില്‍ ശാഖ തുറക്കാന്‍ എസ്ബിഐയ്ക്കു ലൈസന്‍സ് നല്‍കിയത്. ഈ വര്‍ഷാവസാനത്തോടെ സൗദിയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാനാണ് പരിപാടി. ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ 800 125 6666 എന്ന ടോള്‍ഫ്രീ നമ്പറിലോ സാമയുടെ വെബ്‌സൈറ്റുമായോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ കേന്ദ്ര ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കസ്റ്റമര്‍ സര്‍വീസ് ഡിവിഷനുമായി ബന്ധപ്പെട്ടാലും മതി.
Post Your Comments