Latest NewsNews

ആമസോണില്‍ നിന്ന് ടി.വി വാങ്ങിയ യുവാവിന് കിട്ടിയ പണി

മുംബൈ: ആമസോണില്‍ നിന്ന് 50 ഇഞ്ച് ടി.വി വാങ്ങിയ യുവാവിന് ലഭിച്ചത് 13 ഇഞ്ചിന്റെ കമ്പ്യൂട്ടര്‍ മോണിറ്റര്‍. മുംബൈ സ്വദേശിയായ മുഹമ്മദ്‌ സര്‍വാറാണ് മേയ് മാസത്തില്‍ ആമസോണ്‍ വഴി ടി.വി വാങ്ങിയത്. എന്നാല്‍ ഒറിജിനല്‍ ടി.വിയുടെ ബോക്സില്‍ അദ്ദേഹത്തിന് ലഭിച്ചത് മറ്റൊരു കമ്പനിയുടെ കമ്പ്യൂട്ടര്‍ മോണിറ്ററും. ആമസോണിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇനി എന്ത് ചെയ്യണമെന്നറിയാതെ സര്‍വാര്‍ നട്ടം തിരിയുകയാണ്.

മുംബൈയില്‍ ഐ.ടി ജീവനക്കാരനായ മുഹമ്മദ് സര്‍വാര്‍ മേയ് മാസത്തില്‍ ആമസോണിന്റെ ഡിസ്‌കൗണ്ട് പരസ്യം കണ്ടാണ് മിതാഷി കമ്പനിയുടെ 50 ഇഞ്ച് എല്‍.ഇ.ഡി ടി,വി ഓര്‍ഡര്‍ ചെയ്തത്. ടി.വിയുടെ വിലയായ 33,000 രൂപ ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കുകയും ചെയ്തു. മെയ് 19 ന് ടി.വി ഡെലിവറി ചെയ്യാന്‍ ആള്‍ വീട്ടിലെത്തി. ഇപ്പോള്‍ പായ്ക്കറ്റ് തുറക്കേണ്ടെന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആള്‍ വരുമെന്നുമായിരുന്നു ടി.വി കൊണ്ടുവന്ന ജീവനക്കാരന്‍ പറഞ്ഞത്. തുറന്നാല്‍ ടി.വിക്ക് തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞപ്പോള്‍ പിന്നെ ടെക്നീഷ്യന്‍ വന്നതിന് ശേഷം തുറക്കാമെന്ന് അദ്ദേഹവും കരുതി.

ഉച്ചയ്ക്ക് ശേഷം ടെക്നീഷ്യന്‍ വന്നു ബോക്സ് തുറന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് സര്‍വാര്‍ തിരിച്ചറിഞ്ഞത്. ബോക്സിനുള്ളില്‍ ടി.വിയില്ല. പകരം ഏസെര്‍ കമ്പനിയുടെ 13 ഇഞ്ച് മോണിറ്റര്‍ മാത്രം. അതുതന്നെ മുമ്പ് ഉപയോഗിച്ചതും. പ്രവര്‍ത്തിപ്പിച്ച് നോക്കിയപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നുമില്ല. തുടര്‍ന്ന് ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബോക്സ് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ കൊറിയര്‍ ചാര്‍ജ്ജും സര്‍വാര്‍ തന്നെ വഹിക്കണമെന്ന് ആമസോണ്‍ ആവശ്യപ്പെട്ടു. അയച്ചതിന് ശേഷം വിളിച്ചപ്പോഴും ആമസോണില്‍ നിന്ന് അനുകൂല പ്രതികരണമൊന്നുമില്ല. തുടര്‍ന്ന് മെയില്‍ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും സര്‍വാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button