തിരുവല്ലയില്‍ എം.സി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം.സി റോഡില്‍ രാമന്‍ചിറ മുതല്‍ പന്നിക്കുഴി വരെയുള്ള കെ.എസ്.ടി.പിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ടാറിംഗ് അടുത്ത വെള്ളിയാഴ്ച പൂര്‍ത്തിയാകും. രണ്ടാംഘട്ട ടാറിംഗ് ഓണം കഴിഞ്ഞ് നടത്തും. ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് രണ്ടാംഘട്ട ടാറിംഗ് ഓണം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചത്. എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ടിരുന്ന മുത്തൂര്‍-കാവുംഭാഗം, മുത്തൂര്‍-കുറ്റപ്പുഴ റോഡുകളിലെ കുഴി കെ.എസ്.ടി.പി ഉടന്‍ അടക്കും. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ബി1ബി1 റോഡില്‍ ഉണ്ടായിട്ടുള്ള ചെളിക്കെട്ടിന് കെ.എസ്.ടി.പി ഉടന്‍ പരിഹാരം കാണും.
ഓണക്കാലത്ത് തിരുവല്ല നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് തടയുന്നതിന് ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണം നടപ്പാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഈ മാസം 19ന് രാവിലെ 11.30ന് തിരുവല്ല ആര്‍.ഡി.ഒ യോഗം വിളിക്കും. വ്യാപാരികള്‍, ഓട്ടോറിക്ഷ,ടാക്‌സി, ബസുടമാ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പോലീസ്, മോട്ടോര്‍ വാഹനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തായിരിക്കും ഗതാഗത നിയന്ത്രണം നടപ്പാക്കുക. തിരുമൂലപുരത്തെ അടിപ്പാതയിലെ വെള്ളക്കെട്ട് സെപ്റ്റംബര്‍ 10നകം പരിഹരിക്കുമെന്ന് റെയില്‍വേ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കുറ്റൂര്‍ അടിപ്പാതയിലെ വെള്ളക്കെട്ട്, കുറ്റപ്പുഴ പാലത്തിനു സമീപത്തെ വെള്ളക്കെട്ട്, പുഷ്പഗിരി റെയില്‍വേ ക്രോസിനു സമീപം വീടുകളിലേക്ക് കയറുന്നതിന് തടസമായിട്ടുള്ള വെള്ളക്കെട്ട് തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച രാവിലെ 11ന് റെയില്‍വേ, പൊതുമരാമത്ത് വകുപ്പ്, നഗരസഭ എന്‍ജിനിയര്‍മാര്‍ സംയുക്ത പരിശോധന നടത്തും.
ഓണക്കാലത്ത് തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിച്ചിരുന്ന സ്ഥലത്ത് നഗരസഭ വാഹന പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും. ഓണക്കാലത്ത് ഗതാഗതം സുഗമമാക്കുന്നതിന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. തിരുവല്ല എസ്.സി.എസ് കവലയില്‍ പുതിയ ട്രാഫിക് സിഗ്നല്‍ ലൈറ്റ് നഗരസഭയുടെ നേതൃത്വത്തില്‍ ഉടന്‍ സ്ഥാപിക്കും. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, ആര്‍.ഡി.ഒ വി.ജയമോഹനന്‍, പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന മുരളീധരന്‍ നായര്‍, തിരുവല്ല ഡിവൈ.എസ്.പി ആര്‍.ചന്ദ്രശേഖരന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.അനില്‍കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി ഡി.സജു, തഹസില്‍ദാര്‍ ആര്‍.തുളസീധരന്‍ നായര്‍, അഡീഷണല്‍ തഹസില്‍ദാര്‍ ബി.സതീഷ്‌കുമാര്‍, കെ.എസ്.ടി.പി പ്രോജക്ട് എന്‍ജിനിയര്‍ പി.ടി ചാക്കോ, റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments