മുംബൈ: വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്കയില്‍നിന്നെത്തിയ മകന്‍ അമ്മയുടെ അസ്ഥികൂടം കണ്ട സംഭവത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചു. ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പും അസാധുനോട്ടുകളും പോലീസ് കണ്ടെടുത്തു. അന്ധേരി ലോഖണ്ഡ്വാലയിലെ ആശാ സഹാനി(63)യുടേത് സ്വാഭാവിക മരണമല്ലെന്നാണ് പോലീസിന്റെ നിഗമനം.
അരലക്ഷം രൂപയാണ് ഫ്‌ളാറ്റില്‍നിന്നു കിട്ടിയത്. അസാധുവാക്കപ്പെട്ട 500 രൂപ നോട്ടുകളാണ് ഇവയെല്ലാം. കഴിഞ്ഞ നവംബറില്‍ നോട്ടുനിരോധനം പ്രഖ്യാപിക്കുംമുമ്പ് മരണം സംഭവിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ആശയുടേത് സ്വാഭാവികമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അത് ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ നിഗമനം.
ആശയുടെ മുറിയില്‍നിന്ന് ഹിന്ദിയിലെഴുതിയ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡയറിക്കുറിപ്പിലെ കൈയക്ഷരവുമായി അതു താരതമ്യംചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. കുറിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആശയെ കാണാനില്ലെന്നു കാണിച്ച് പരാതിനല്‍കിയിട്ടുണ്ടെന്നാണ് മകനും ഹൗസിങ് സൊസൈറ്റിയുടെ ഭാരവാഹികളും പറയുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ആശ അവസാനം സൊസൈറ്റിയുടെ മെയിന്റനന്‍സ് ബില്‍ അടച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഭാരവാഹികളില്‍ ചിലര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് ഓഷിവാര പോലീസില്‍ പരാതിനല്‍കിയിരുന്നു. റിതുരാജിനെ ഇമെയിലില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹവും ഓണ്‍ലൈനില്‍ പരാതിനല്‍കി. എന്നാല്‍, രണ്ടു പരാതിയും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments