കൊച്ചി: സര്‍ക്കാര്‍ പരസ്യത്തിനെതിരെ പ്രതികരിച്ച് ജാവേദ് പര്‍വേഷ്. ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടിയാണെന്ന് ജാവേദ് ചോദിക്കുന്നു. ഡല്‍ഹിയില്‍ കോടികളെറിഞ്ഞുള്ള പരസ്യം കൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ മറക്കാനാകില്ലെന്നും ജാവേദ് പ്രതികരിക്കുന്നു.
ജാവേദിന്റെ വാക്കുകളിങ്ങനെ.. വള്ളത്തോള്‍ പാടിയപോലെ ചോര തിളക്കുകയാണ് സകലരുടെയും ഞരമ്പുകളില്‍. ഈ അര്‍മാദം കണ്ടിട്ട് ചിരിയല്ലാതെ മറ്റൊന്നും തോന്നുന്നില്ല. കാശുകൊടുത്ത് ദേശീയ മാധ്യമത്തില്‍ പരസ്യം ഇടുന്നത് പിണറായി വിജയന്റെ അപാര ബുദ്ധിയാണത്രെ. ആടുമാഞ്ചിയം തേക്കുവിചാരിച്ചാലും മാംഗോ ഫോണ്‍ വിചാരിച്ചാലും ഒന്നാം പേജ് ജാക്കറ്റില്‍ പൊതിയാന്‍ പറ്റും. ആദ്യത്തേത് ജനങ്ങളെ സുഖിപ്പിച്ചുള്ള പരസ്യം, രണ്ടാമത്തേത് ജനങ്ങളെ പറ്റിച്ചുള്ള പൈസ. ഇതിന് അഞ്ചുപൈസയുടെ പുദ്ധി ശരിക്കും വേണ്ട.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം പൊതുവേ മുന്‍പിലാണ്. എന്നാല്‍ പല മേഖലകളിലും അല്ല താനും. പൊതുവേ കേരളത്തിലെ അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവിക്കാന്‍ കൊള്ളാവുന്നതുമാണ്. ശ്രീനാരായണ ഗുരു തൊട്ട് ചട്ടമ്പി സ്വാമികള്‍ തൊട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വരെ ഇതില്‍ സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തെ സംഘപരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നതിന് ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയകൊലപാതകങ്ങളുടെ പേരു പറഞ്ഞാണ്. അല്ലാതെ ഹ്യൂമണ്‍ ഡവലപ്മെന്റ് ഇന്‍ഡക്സ് പറഞ്ഞിട്ടില്ല.
പിണറായി വിജയന് പീത നിറത്തില്‍ പൊതിഞ്ഞ് കോടികള്‍ ചെലവഴിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ കുപ്പായിമിടുവിച്ച ഈ പരസ്യത്തില്‍ എന്തുകൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളെ അഡ്രസ് ചെയ്യുന്നില്ല. പൊതുവായ ലോ ആന്‍ഡ് ഓര്‍ഡറിനെക്കുറിച്ച്- അതായത് മോഷണം തൊട്ട് അതിരു മാന്തുന്നത് വരെ- പറഞ്ഞിട്ടും രാഷ്ട്രീയകൊലപാതകം എന്തുകൊണ്ട് ലിസ്റ്റില്‍ വന്നില്ല. കേരളം താരതമ്യം ചെയ്യേണ്ടത് കങ്കാരു പഞ്ചായത്തും ഖാപ് പഞ്ചായത്തും നിലവിലുള്ള യുപിയുമായോ ബംഗാളുമായോ താരതമ്യം ചെയ്തല്ല. കേരളത്തിന്റെ കഴിഞ്ഞകാലങ്ങളുമായി താരതമ്യം ചെയ്താണ്. അല്ലെങ്കില്‍ കുറേക്കൂടി വികസിതമായ രാജ്യങ്ങളുമായി താരതമ്യം ചെയ്താണ്.
സാമാന്യബോധം ഉള്ളവര്‍ക്കറിയാം (ഈ മല്‍സരത്തില്‍ ആരു മുന്നില്‍, ആരു തുടങ്ങി എന്നതല്ല വിഷയം) രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നുണ്ട് എന്ന്. ജാതിക്കൊലകളുടെ സ്ഥാനം രാഷ്ട്രീയകൊലപാതകങ്ങള്‍ ഏറ്റെടുത്തുവെന്ന്. കേരള ദേശീയതയില്‍ അഭിരമിച്ച് മറ്റു സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നത് എളുപ്പമാണ്. പ്രത്യേകിച്ചും പരസ്യം നല്കി. പരസ്യം കൊണ്ട് മറുപടി പറയുന്നതിന് അതിരുണ്ട്. എല്ലാ ദിവസവും പരസ്യം ചെയ്യാനുള്ള വക ഏതായാലും കേരള ബജറ്റില്‍ ഇല്ല എന്നുറപ്പാണ്.
അഡ്രസ് ചെയ്യേണ്ട വിഷയം ദുരുദ്ദേശത്തോടെയാണെങ്കിലും സംഘപരിവാര്‍ ഉയര്‍ത്തിവിട്ട ചോദ്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നാണ്. പിണറായി വിജയനും കുമ്മനം രാജശേഖരനും പിന്നെ ആര്‍എസ്എസ് സംഘചാലകനോ പ്രമുഖനോ വിചാരിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളു ഈ പ്രശ്നം. ചെറിയൊരു വിഭാഗമാണ് ഈ കുത്തിത്തിരിപ്പും നാണക്കേടും ഉണ്ടാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ചില രാഷ്ട്രീയകക്ഷികള്‍. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാനും നിങ്ങളും നികുതി നല്കിയ പണം ഉപയോഗിച്ച് ന്യൂസ്്പേപ്പറുകളെ കുപ്പായമിടുവിക്കുന്നത് തോന്ന്യാസമാണ്. പാഴ്മുറം കൊണ്ട് സൂര്യബിംബത്തെ മറക്കാന്‍ പറ്റില്ല എന്നു പറയും പോലെ ഡല്‍ഹിയില്‍ കോടികളെറിഞ്ഞുള്ള പരസ്യം കൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളും മറക്കാനാവില്ല.
രോഗം ഇല്ലെന്ന സ്വയം ചിന്ത കേരളവും ദേശാഭിമാനികളും വിടണം. കേരളത്തിന് ചില രോഗങ്ങളുണ്ടെന്ന് സമ്മതിക്കണം. രോഗമില്ലെന്ന് മൂഢധാരണയില്‍ ഡോക്ടറെ കാണാന്‍ പോകാതിരിക്കുന്നത് ആത്മഹത്യാപരമാണ്. രോഗത്തിന് ചില സ്റ്റേജുകളുണ്ട്. ലാസ്റ്റ് സ്റ്റേജില്‍ ചികിത്സപോലും ഫലിക്കില്ല. അതുകൊണ്ട് ചോര തിളക്കുന്നുണ്ടെങ്കില്‍ അത് സ്വയം തിരുത്താന്‍ കൂടിയായിരിക്കണം.
Post Your Comments