ന്യൂഡല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപരസ്യവുമായി കേരളം. മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മുന്‍നിര ഇംഗ്ലീഷ് ദിനപത്രങ്ങളിലാണ് ഇന്ന് കേരള സര്‍ക്കാരിന്റെ ഫുള്‍ പേജ് പരസ്യമുള്ളത്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് മുഴുവൻ പേജ് പരസ്യം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങള്‍ പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രമസമാധാന പാലനത്തിലെ മികവ്, മതസൗഹാര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും എടുത്തു പറയുന്നുണ്ട്. തിരുവനന്തപുരത്തെ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഞായറാഴ്ച നടത്തിയ തിരുവനന്തപുരം സന്ദര്‍ശനം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ഇതിന്റെ അടുത്ത ദിവസമാണ് കേരളത്തിന്റെ മുഴുപ്പേജ് പരസ്യം ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.ആത്മീയ നേതാവ് ശ്രീം എം, ജസ്റ്റിസ് കെ.ടി തോമസ്, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ കേരളത്തേക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments