സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ കേരള സ്റ്റേറ്റ് സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, സഹകരണസംഘം ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് തുടങ്ങിയവയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബോര്‍ഡില്‍ അംഗങ്ങളായ സഹകരണസംഘം ജീവനക്കാര്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞാല്‍ നല്‍കിവന്ന മരണാനന്തര ധനസഹായം 1,50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി വര്‍ധിപ്പിച്ചു. ക്യാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, വൃക്കമാറ്റിവയ്ക്കല്‍, വൃക്ക നീക്കം ചെയ്യല്‍, കരള്‍ മാറ്റിവയ്ക്കല്‍, കരള്‍ ശസ്ത്രക്രിയ (കരള്‍ദാനം ചെയ്യന്നതിന് നടത്തുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെ), മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, കണ്ണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നിവയ്ക്ക് നല്‍കുന്ന ചികിത്സ ധനസഹായം 75,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിച്ചു.
കാഴ്ചശക്തിയ്ക്കുണ്ടാകുന്ന വൈകല്യം, തളര്‍വാതം, അപകടം മൂലമോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, ബ്രെയിന്‍ ട്യൂമര്‍, എപ്പിലെപ്‌സി, മാരകമായ ഹെഡ് ഇന്‍ജുറി, മെനിഞ്ചൈറ്റിസ്, എന്‍സഫാലിറ്റിസ്, തലച്ചോറിനെയും സ്‌പൈനല്‍കോഡിനെയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ചികിത്സാ ധനസഹായം 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി വര്‍ധിപ്പിച്ചു. ഈ വിഭാഗത്തില്‍ ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ പുതുതായി ഉള്‍പ്പെടുത്തി.
യൂട്രസ്സ് റിമൂവല്‍, ഹൃദയ സംബന്ധമായ അസുഖം (ഹൃദയ ശസ്ത്രക്രിയ ഒഴികെ), വൃക്ക സംബന്ധമായ അസുഖം (വൃക്കമാറ്റിവയ്ക്കല്‍ ഒഴികെ), ലിവര്‍ സിറോസിസ്, തൈറോയിഡ് ഓപ്പറേഷന്‍, ഹെര്‍ണിയ ഓപ്പറേഷന്‍ എന്നിവയ്ക്ക് നല്‍കുന്ന ധനസഹായം 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ധിപ്പിച്ചു. ആസ്തമ, ക്ഷയരോഗം, ചിക്കന്‍ഗുനിയ എന്നീ ചികിത്സകള്‍ക്ക് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി വര്‍ധിപ്പിക്കുകയും എച്ച്-വണ്‍ എന്‍-വണ്‍, ഡങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിന്‍ ഓപ്പറേഷന്‍ എന്നികൂടി ഉള്‍പ്പെടുത്തി. ജിവനക്കാരുടെ ആശ്രിതരുടെ ചികിത്സയ്ക്ക് നല്‍കുന്ന ധന സഹായം 25,000 രൂപയില്‍ നിന്ന് 40,000 രൂപയായി വര്‍ധിപ്പിച്ചു. വിരമിക്കുന്ന അംഗങ്ങള്‍ക്ക് (സംഘവും ജീവനക്കാരും ഒടുക്കിയ വിഹിതം) തിരികെ നല്‍കുന്നതോടൊപ്പം അനുവദിച്ചിരുന്ന അഞ്ച് ശതമാനം ഇന്‍സെന്റീവ് പത്ത് ശതമാനമായി വര്‍ധിപ്പിച്ചു. ജീവനക്കാരും സംഘവും ബോര്‍ഡില്‍ ഒടുക്കുന്ന തുക 100 ല്‍ നിന്ന് 130 രൂപയായും വര്‍ധിപ്പിച്ചു.
ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ജെ.ഡി.സി, എച്ച്.ഡി.സി ആന്റ് ബി.എം എന്നിവയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് 10,000 രൂപയും ബി.ടെക്, എം.ടെക്, ബി.എസ്.സി, നേഴ്‌സിംഗ് എന്നിവയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് 15,000 രൂപയും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.ഡി, എം.എസ്, എം.ഡി.എസ് എന്നിവയില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് 25,000 രൂപയും കലാമത്സരത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയും നല്‍കും.
കായിക രംഗത്ത് സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും മികച്ച വിജയം നേടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികവ് കാണിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 5,000 രൂപയുടെ ക്യാഷ് അവാര്‍ഡ് പുതിയതായി ഉള്‍പ്പെടുത്തി. പത്ര സമ്മേളനത്തില്‍ ബോര്‍ഡ് ചെയര്‍മാര്‍ കെ. രാജഗോപാലും പങ്കെടുത്തു.
Post Your Comments