കൊച്ചി : രാജ്യത്ത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് ബ്ലൂവെയ്ല്‍. ഈ കില്ലര്‍ ഗെയിമില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ ആത്മഹത്യ ചെയ്തത്. ഇന്റര്‍നെറ്റില്‍ സമയംകൊല്ലുന്ന കുട്ടികള്‍ സ്വയം മരണംവരിക്കുന്ന വാര്‍ത്തകേട്ട് കേരളവും ഞെട്ടിയിരിക്കുകയാണ്.
ബ്ലൂവെയില്‍ മാത്രമല്ല കംപ്യൂട്ടര്‍ ഗെയിമുകളിലെ വില്ലന്‍. കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന മറ്റനേകം കളികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൗമാരക്കാര്‍ക്കിടയില്‍ വളരെ പ്രശസ്തമായ ഒരു വീഡിയോ ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഓസ്‌ട്രേലിയ നിരോധിക്കുകയുണ്ടായി.
ഗെയിമില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതായിരുന്നു കാരണം. പട്ടണത്തിലൂടെ കാറോടിക്കാനും കാറില്‍നിന്നിറങ്ങി ആളുകളെ കൊല്ലാനുമൊക്കെ സാധ്യത തുറന്നുതരുന്ന കളിയിടങ്ങളാണ് ഈ ഗെയിമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കാറോടിക്കുന്നയാള്‍ക്ക് പട്ടണത്തിലെ പബ്ബുകളില്‍ കയറാനും ഗ്യാങ് വാര്‍ നടത്താനും സൗകര്യമുണ്ട് ഈ ഗെയിമില്‍. ഇത്തരം ഗെയിമുകള്‍ കളിക്കുമ്‌ബോള്‍ കുട്ടികളുടെ മാനസികനിലയും അതിനനുസരിച്ചായിരിക്കും പാകപ്പെടുക.
ഇവര്‍ക്ക് സമൂഹത്തില്‍ മറ്റാരോടും വലിയ ബന്ധങ്ങളുണ്ടാവില്ല.
ഏതാനും നാളുകള്‍ക്കുമുമ്പ് നന്തന്‍കോട്ട് സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്നുതള്ളിയ ജിന്‍സണ്‍ രാജയ്ക്കും മനുഷ്യരെക്കാള്‍ ബന്ധം കംപ്യൂട്ടറിനോടായിരുന്നുവെന്നത് കാണാതിരുന്നുകൂടാ. ഇയാള്‍ വയലന്‍സ് കൂടുതലുള്ള വീഡിയോ ഗെയിമാണ് ഏറെ കണ്ടിരുന്നതെന്നും മന: ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ന്യൂജനറേഷന്‍ എന്നു പറയപ്പെടുന്ന തലമുറയില്‍പ്പെട്ടവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരോ കുറ്റകൃത്യത്തിലും ഒരു വീഡിയോ ഗെയിം സീക്വന്‍സ് കാണാന്‍ കഴിയുമെന്ന് മനഃശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണ്‍ പറയുന്നു. പ്രണയ നൈരാശ്യത്തിനൊടുവില്‍ നടത്തുന്ന കൊലപാതകത്തിലും തര്‍ക്കത്തിനൊടുവില്‍ സൗഹൃദം മറന്ന് കൂട്ടുകാരനെ തലയ്ക്കടിച്ച് കൊല്ലുന്നതിലുമെല്ലാം ഏതു കുറ്റകൃത്യങ്ങളിലേതുപോലെയും ഒരു സീക്വന്‍സ് ഉണ്ട്. വീഡിയോ ഗെയിമുകളിലും മറ്റും ക്രമിനിലുകള്‍ പിന്തുടരുന്ന രീതിയാണ് ഈ കുറ്റകൃത്യങ്ങളില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Post Your Comments