തിരുവനന്തപുരം: ദിലീപിനെതിരായ തെറ്റായ പ്രചരണം കേസന്വേഷണത്തെ ബാധിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായും ഇതിനെ പിന്നാലെ നടൻ ദിലീപിന്റെ ആദ്യഭാര്യയെക്കുറിച്ച് അന്വേഷണം നടക്കുന്നതായും വാർത്തകൾ വന്നിരുന്നു. ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചരണം കേസന്വേഷണത്തെ ബാധിച്ചതായി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് വാർത്ത പ്രചരിപ്പിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഇതുസംബന്ധിച്ച ഫോൺരേഖകൾ പരിശോധിക്കുന്നുണ്ട്. യഥാർത്ഥപ്രതികൾ രക്ഷപെടാൻ മാത്രമേ ഇത്തരത്തിലുള്ള പ്രചരണം ഉപകരിക്കുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസിലെ ചില നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരം വാർത്തകൾക്കു പിന്നിലെന്ന് അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കുറ്റപത്രം സമർപ്പിക്കുമ്പോൾ ഈ തെറ്റിദ്ധാരണകൾ അകലുമെന്നും അവർ പറയുന്നു.
Post Your Comments