പാലക്കാട്: കേരളത്തിൽ രണ്ടായിരത്തിലധികം പേർ ‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തതായി പൊലീസ്. ഗെയിമിന്റെ സ്വാധീനത്തിലാണ് കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതെന്ന് സംശയിക്കുന്നു. മാത്രമല്ല രക്ഷിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികൾ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടു.
ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണ് ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് കണ്ടെത്തിയത്. പൊലീസ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. കൂടാതെ രക്ഷിതാക്കൾക്കു ജാഗ്രതാ നിർദേശവും നൽകി. ഒട്ടേറെ രാജ്യങ്ങളിൽ കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഈ ഗെയിം നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേർ ഇത്തരത്തിൽ ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. മുംബൈയിൽ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഈ ഓൺലൈൻ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.
ഈ ഗെയിമിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ വേണ്ടി ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. രക്ഷിതാക്കളുടെ മൊബൈൽ ഫോൺ കുട്ടികൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൗമാരക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഫോൺ രക്ഷിതാക്കൾ നിരന്തരം പരിശോധിക്കുക. ഉറക്കമില്ലായ്മ പ്രത്യേകം ശ്രദ്ധിക്കണം. പുലർച്ചെ ഉണർന്നു പാട്ടുകേൾക്കൽ, രാത്രി വൈകിയും ടിവി കാണൽ എന്നിവ അനുവദിക്കരുത്. കഴിവതും കുട്ടികളെ മൊബൈൽ ഗെയിമുകളിൽനിന്ന് അകറ്റുക. പകരം കൂട്ടുകാരോടൊപ്പം കളിക്കാൻ വിടാം.
Post Your Comments