ശ്രീനഗര്‍: പാകിസ്ഥാനോട് ലഷ്‌കര്‍ ഭീകരന്റെ മൃതദേഹം ഏറ്റെടുക്കണമെന്ന് കശ്മീര്‍ പോലീസ്. കശ്മീരില്‍ സുരക്ഷാ സൈനികര്‍ വധിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയുടെ മൃതദേഹം ഏറ്റെടുക്കണമെന്നാണ് പാകിസ്ഥാന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലപ്പെടുന്ന ഒരു പാക് പൗരന്റെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാക് ഹൈക്കമ്മീഷണറോട് ആവശ്യപ്പെടുന്നത്.
മൃതദേഹം പാകിസ്ഥാന്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് മറവ് ചെയ്യുമെന്ന് കശ്മീര്‍ ഐജി മുനീര്‍ ഖാന്‍ പറഞ്ഞു. മകന്റെ മൃതദേഹം കാണാനുള്ള ആഗ്രഹം ദുജാനയുടെ മാതാപിതാക്കള്‍ക്കുണ്ടാകുമെന്നതിനാലാണ് ഇക്കാര്യത്തില്‍ പാക് ഹൈക്കമ്മീഷണറെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്ക് ദുജാനയുടെ മൃതദേഹം കൈമാറണമെന്ന ആവശ്യം പോലീസ് നിരസിച്ചിരുന്നു. ദുജാനയുമായി ബന്ധമില്ലാത്ത കശ്മീര്‍ താഴ്‌വരയിലുള്ള ജനങ്ങള്‍ക്ക് മൃതദേഹം കൈമാറില്ലെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടയില്‍ ദുജാനയ്ക്കൊപ്പം സൈന്യം വധിച്ച ആരിഫ് ലാലിഹാരിയുടെ ശവസംസ്‌കാരചടങ്ങില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്തു. പുല്‍വാമയിലെ ലാലിഹാര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ആരിഫ്.
Post Your Comments