Latest NewsKeralaNews

ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ

ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്. പലപ്പോഴും നമ്മളെ ആത്മഹത്യയുടെ വക്കോളമാണ് ജീവിതം നമ്മളെ എത്തിക്കുന്നത്. എന്നാൽ അവിടെ നിന്നും കരകയറാന്‍ കഴിഞ്ഞാല്‍ പിന്നീടെന്തും നമുക്ക് തരണം ചെയ്യാന്‍ കഴിയും.

അത്തരത്തിൽ കര കയറിയ ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. ഫരീദ് ജാസ് എന്ന വ്യക്തി തന്റെ അനുഭവക്കുറിപ്പായിട്ടാണ് ഈ കഥ എഴുതിയിരിക്കുന്നത്. ഫരീദ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട ഒരു ക്രിസ്ത്യൻ സ്ത്രീയെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. 2 മതസ്ഥർ ഒരുമിച്ച് ജീവിക്കുകയും ഒടുവിൽ കടങ്ങളും മക്കളെയും അവരുടെ കൈകളിൽ ഏൽപ്പിച്ച് അവരുടെ ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോസ്റ്റിൽ പറയുന്നു. മരണത്തിൽ നിന്ന് കര കയറാൻ ഉണ്ടായ അനുഭവവും പങ്കുവയ്ക്കുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

എയർപോർട്ടിലെ ചെക്കിംഗ്‌ കഴിഞ്ഞു. സ്വസ്ഥമായി ഒരിടത്ത്‌ ഇരുന്നതിന് ശേഷമാണ് മൊബെയിൽ പോക്കറ്റിൽ നിന്നെടുത്തത്‌. ഒരു മണീക്കൂർ കൂടി ബാക്കിയുണ്ട്‌ വിമാനം പുറപ്പെടാൻ അതിന് മുന്നേ മൊബെയിൽ ഓണാക്കി ഒരു സ്റ്റാറ്റസ്‌ വിടണം സാധാരണ എന്തെങ്കിലും ഒരു കൗതുകം ഒപ്പിച്ചേ എഴുതാറ് ഇത്തവണ ഒന്നും മനസ്സിലേക്ക്‌ ഓടി വരുന്നില്ല.
ചിന്തകളെ മാറ്റി മറിച്ചു കൊണ്ടാണ് ഒരു പെൺ ശബ്ദം വന്നത്‌
“ചേട്ടാ സമയമെത്രയായി “
തൊട്ടടുത്ത സീറ്റിൽ ഒരു പെൺ കുട്ടി വന്നിരിക്കുന്നു ഇരുപത്തഞ്ച്‌ വയസ്സിന് മുകളിൽ തോന്നിക്കാത്ത അൽപം കറുത്ത്‌ മെലിഞ്ഞവൾ. ഞാൻ നോക്കിയപ്പോൾ അവരുടെ കയ്യിലും വാച്ചുണ്ട്‌ എന്നിട്ടാണ് എന്നോട്‌ സമയം ചോദിക്കുന്നത്‌.
“അല്ലാ നിങ്ങളുടെ കയ്യിലെ വാച്ച്‌ ഓടില്ലെ”
അവളുടെ വാച്ചിലേക്ക്‌ നോക്കി ഞാൻ ചോദിച്ചു.
“ഇല്ല ചേട്ടാ അതൊരു ഷോ….ക്ക്‌ വേണ്ടി കെട്ടിയതാണ് അതാണ് ചേട്ടനോട്‌ ചോദിച്ചത്‌”
ഞാനപ്പോഴാണ് എന്റെ വാച്ചിലേക്ക്‌ ശ്രദ്ധിക്കുന്നത്‌ . ഞാൻ ചിരിച്ച്‌ കൊണ്ട്‌ തന്നെയാണ് മറുപടി കൊടുത്തത്
“ഇത്‌ ചത്തിട്ട്‌ മൂന്നൊ,നാലൊ മാസമായി”
അവസാനം മൊബെയിൽ നോക്കി തന്നെ സമയം പറയേണ്ടി വന്നു.
ഞാൻ വീണ്ടും മൊബെയിലിലേക്ക്‌ തിരിഞ്ഞു.
“ചേട്ടൻ കൊച്ചിക്കാണൊ”
ആ പെണ്‍കുട്ടിയുടെ ശബ്ദം ഒരിക്കൽ കൂടി.
“അതെ എന്താ നിങ്ങൾ ഒറ്റക്കാണൊ,ഹസ്‌ കൂടെ വന്നില്ലെ”
“ഇല്ല ഞാൻ ജോലിക്ക്‌ വന്നതാണ്.
മക്കളെ കാണാനുള്ള ആകാംഷയാണ് അതാണ് സമയമെക്കെ ചോദിച്ചത്‌”
അവർ സംസാരിച്ച്‌ കൊണ്ടിരുന്നു.
അടക്കി പിടിച്ച സന്തോഷത്തെ പുറം തള്ളാനുള്ള അവരുടെ ആവേശം കൗതുകത്തോടെ പകർന്നെടുത്തു
“മക്കളെന്താ കൊച്ച്‌ കുട്ടികളാണൊ”
“അതെ ഒമ്പതും, മൂന്നും വയസ്സ്‌ പ്രായമുള്ളവർ “
“അത്രയും ചെറിയ കുട്ടികളെ നാട്ടിലാക്കിയിട്ട്‌ പോരുകയൊ ,നിങ്ങൾക്ക്‌ വേദന തോന്നിയില്ലെ “
“മരണ വേദനയേക്കാൾ വലുതൊന്നുമല്ലല്ലൊ.”
അവരുടെ കണ്ണുകൾ ഇടറുന്നുണ്ടായിരുന്നു.
ഞങ്ങളുടെ ഫ്ലൈറ്റ്‌ പോകാനുള്ള സമയമായിരിക്കുന്നു. ചുണ്ടിൽ ചായം തേച്ച പെൺകുട്ടികളുടെ പുഞ്ചിരി വാങ്ങി അകത്തേക്ക്‌ കടന്നു. ടിക്കറ്റും സീറ്റും ഒത്ത്‌ നോക്കി ഒന്നിൽ ഇരുപ്പുറപ്പിച്ചു പുറത്തെ കാഴ്ച്ചകളിലേക്ക്‌ കണ്ണ് പായിച്ച്‌ കൊണ്ടിരുന്നപ്പോഴാണ് അടുത്ത സീറ്റിലേക്ക്‌ അവൾ വന്നിരുന്നത്‌ ഒരിക്കൽ കൂടി എന്റെ ടിക്കറ്റെടുത്ത്‌ സീറ്റ്‌ അത്‌ തന്നെയെന്ന് ഉറപ്പിച്ചു.
വിമാനം ചക്ക്രങ്ങൾ ചലിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങി പതുക്കെ ആകാശത്തേക്ക്‌…. അതിനിടയിൽ എയർ ഹോസ്റ്റസിന്റെ എമർജ്ജൻസി ക്ലാസ്സുകൾ. “ഇത്‌ കൊണ്ട്‌ രക്ഷപ്പെട്ടവർ എത്രയുണ്ടെന്ന് ദൈവത്തിന് മാത്രമറിയാം” ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. വിമാനം മേഘങ്ങൾക്കിടയിലേക്ക്‌ തെന്നി നീങ്ങിയപ്പോൾ പതുക്കെ കയ്യിലിരുന്ന പുസ്ത്കത്തിലേക്ക്‌ ഊളയിട്ടു. പൗലൊ കൊയ്‌ലൊയുടെ “വെളിച്ചത്തിന്റെ പോരാളികൾ “
പകുതി വായിച്ച്‌ തീർത്തതാണ് . ബാക്കി പേജിൽ ഇങ്ങനെ തുടങ്ങുന്നു

തിന്മ ചിലപ്പോൾ വെളിച്ചത്തിന്റെ പോരാളിയെ വിടാതെ പിന്തുടരുന്നു
അങ്ങനെ ചെയ്യുമ്പോൾ പോരാളി അതിനെ ശാന്തമായി തന്റെ കൂടാരത്തിലേക്ക്‌ ക്ഷണിക്കുന്നു “
പുസ്തകം ഒരു കൈ കൊണ്ട്‌ മടക്കി അവളുടെ മുഖത്തേക്ക്‌ നോക്കി
പതുക്കെ ചോദിച്ചു.
“നിങ്ങൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടൊ”
അപ്രത്യക്ഷിതമായി എന്റെ ചോദ്യം അവളുടെ മുഖത്ത്‌ പരിഭ്രാന്തി പരത്തി
“താങ്കൾക്കെങ്ങനെ അത്‌ മനസ്സിലായി “
“നിങ്ങൾ ബാക്കി വെച്ച വാചകങ്ങളിൽ ഒരു മരണത്തിന്റെ കാലൊച്ച പതിയിരിപ്പുണ്ടായിരുന്നു”
“ഞാൻ ആത്മഹത്യ ചെയ്യുകയായിരുന്നില്ല ലോകം എന്നിലേക്കത്‌ എത്തിക്കുകയായിരുന്നു…
ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ച് വളർന്നത്‌. ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്താണ് മഹേഷുമായി പരിചയപ്പെടുന്നത്‌ കവലയിൽ എന്നെ മാത്രം കാത്തിരിക്കുന്ന അയാളെ പതുക്കെ പതുക്കെ ശ്രദ്ധിച്ച്‌ തുടങ്ങി
പിന്നെ അത്‌ രജിസ്റ്റർ ഓഫീസിന്റെ പടി വരെ എത്തി. രണ്ട്‌ മതക്കാർ, വ്യത്യസ്ഥ ചിന്താഗതിക്കാർ അത്‌ കൊണ്ട്‌ തന്നെ വിവാഹത്തിന് ആരും അനുകൂലിച്ചില്ല പക്ഷെ ഞങ്ങൾ ഒന്നിച്ച്‌ ജീവിച്ചു….. മക്കള്‍ രണ്ട് പേ൪ പിറന്നു
ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മഹേഷിന്റെ ബിസിനസ്സും ,കൂട്ട്‌ കെട്ടും നല്ലതല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞിരുന്നു.
ചിട്ടി വെച്ച് അതില്‍ നിന്ന് കിട്ടുന്ന പണം പലിശക്ക് കൊടുക്കുന്നതായിരുന്നു തൊഴില്‍. കടം കൊടുത്തവരുമായുള്ള ലഹള കുടുംബ ജീവിതത്തിലും അലോസരമുണ്ടാക്കി കൊണ്ടിരുന്നു അതിനിടയിൽ ചിട്ടി പലതും പൊളിഞ്ഞു വാങ്ങിച്ചവ൪ തിരിച്ചടക്കാതെയായി അതിനിടയില്‍ മദ്യപാനവും ആരംഭിച്ചു. ചിട്ടി കൂടിയവ൪ പ്രശ്നമുണ്ടാക്കി തുടങ്ങിയതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. അതിനിടയില്‍ ഞാനും ചെറിയ ജോലിക്ക് പോയി തുടങ്ങി മക്കളെ അയല്പക്കത്ത് ഏല്പിക്കും. അന്ന് അല്പം വൈകിയാണ് വീട്ടിലെത്തിയത് ലൈറ്റുകളൊന്നും പ്രകാശിച്ചട്ടില്ല. ഓരൊ വെളിച്ചവും കത്തുമ്പോഴും ഏതൊ ഭയം മനസ്സില്‍ തളം കൊട്ടി വന്നു അവസാനം കിടപ്പ് മുറിയുടെ ഫാനില്‍ ജീവിതത്തിന്റെ ഒരു ഭാഗം അവസാനിച്ചതായി കണ്ടു.
പക്ഷെ ജീവിതത്തില്‍ ഞാന്‍ പകച്ച് നിന്നില്ല നിരനിരയായി പട൪ന്ന് പിടിച്ച കടങ്ങള്‍ ഞാനറിഞ്ഞു, പെണ്ണായത് കൊണ്ടാകാം പലരും സാവകാശം തന്നു അതിനിടയില്‍ എന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു മറ്റാരും തിരിഞ്ഞ് നോക്കാത്ത ആ സമയത്ത് അതൊരു വലിയ ആശ്വാസമായിരുന്നു. സഹായത്തിന് അയല്‍പക്കത്തെ ഒരു കൊച്ച് പയ്യനുമുണ്ടായിരുന്നു.ഒരു അനിയനെ പോലെ എല്ലാ കാര്യത്തിലും ഓടി വരുന്ന അവന്റെ വരവ് പല൪ക്കും രുചിക്കാതെയായി.
ചെറിയ ചെറിയ കിംവദന്തികള്‍ അവിടെയിവിടെ കേട്ടു തുടങ്ങി. അതോടെ എനിക്കും ജീവിതം മടുത്തു തുടങ്ങി.
അന്ന് അമ്മ തറവാട്ടില്‍ പോയ ദിവസമായിരുന്നു. പ്രത്യേകം വാങ്ങി വന്ന ഐസ്ക്ക്രീം ഞങ്ങള്‍ മൂന്ന് പേരും കഴിച്ചു. ശേഷം ചോറില്‍ എന്നെന്നേക്കും അവസാനിക്കാനുള്ള മരുന്നും ചാലിച്ചു. മൂത്ത മകളോട് കഥകളെല്ലാം പറഞ്ഞതിന് ശേഷമാണ് ഇതെല്ലാം ചെയ്തത്. അവളൊന്നും പറഞ്ഞില്ല. ദയനീയമായി മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു. മെഴുകു തിരി കത്തിച്ച് പ്രാ൪ത്ഥിച്ച് ചോറ് ഒറ്റ പാത്രത്തിലെടുത്ത് എല്ലാവരും നിരന്നിരുന്നു.
ആദ്യ ഉരുള മൂത്ത മകള്‍ക്ക് നേരെ നീട്ടി പക്ഷെ അവള്‍ എന്റെ കൈ പിടിച്ചു എന്നിട്ടെന്നോട് ചോദിച്ചു.
” അമ്മേ നമ്മള്‍ മരിച്ചാല്‍ നാട്ടുകാ൪ പറയില്ലെ അമ്മ തെറ്റുകാരിയായിരുന്നെന്ന്.. നമുക്ക് അവരുടെ മുന്നില്‍ ജീവിച്ച് കാണിക്കാം അമ്മേ…ഞാന്‍ പണിയെടുത്ത് കടമെല്ലാം തീ൪ത്ത് കൊള്ളാം”
ഏഴ് വയസ്സുള്ള അവളുടെ വാക്ക് കേട്ട് ഞാ൯ പൊട്ടിക്കരഞ്ഞു. വിഷം നിറച്ച ഭക്ഷണം ദൂരേക്ക് വലിച്ചെറിഞ്ഞ് രണ്ടാളേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് അമ്മയോടൊപ്പം വീട്ടിലേക്കു് കടന്ന് വന്നത് ഒരു ഡോക്ടറും,അവരുടെ ഭ൪ത്താവുമാണ് വിദേശത്താണ് ജോലിയെന്ന് പറഞ്ഞു അവ൪ക്ക് മക്കളെ നോക്കാന്‍ ഒരാളെ വേണം നല്ല ശമ്പളം തരും. പക്ഷെ എന്റെ മക്കളെ ആര് നോക്കും ഞാന്‍ വിഷമത്തിലായി.
അതറിഞ്ഞ് കൊണ്ട് തന്നെ അമ്മയില്‍ നിന്ന് മറുപടി വന്നു.
“നിന്റെ മക്കളെ ഞാന്‍ നോക്കിക്കോളാം”
എന്റെ നോട്ടം മകളുടെ നേരെയായിരുന്നു അത് മനസ്സിലാക്കിയാവണം അവള്‍ പറഞ്ഞു.
“അമ്മ പേടിക്കണ്ട ഞാനും,അനിയനും അമ്മാമ്മേടെ അടുത്ത് നിന്നോളാം അമ്മ പോയി നമ്മുടെ കടമെല്ലാം തീ൪ക്കൂ”.
നനഞ്ഞ കണ്ണുകള്‍ മറയ്ക്കാന്‍ ആ പെണ്‍കുട്ടി നന്നായി പ്രയാസപ്പെടുന്നുണ്ടായിരുന്നു അത് കൊണ്ട് പൈലൊ കൊയ്ലോയുടെ പുസ്തകത്തിലേക്ക് ഞാന്‍ വീണ്ടും തിരിഞ്ഞു. ചെക്കിംഗ് കഴിഞ്ഞപ്പോഴേക്കും അവളെന്നേക്കാള്‍ ഒരുപാട് മുന്നില്‍ പോയിരുന്നു ആ കുട്ടികളെ ഒരു നോക്ക് കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു പക്ഷെ വിധി അനുവദിച്ചില്ല എന്ന തോന്നലിലാണ് എനിക്കായി വന്ന വാഹനത്തില്‍ കയറിയത്. എയ൪പോ൪ട്ടിന്റെ പടികടന്ന് ഞങ്ങളുടെ വാഹനം പോകുമ്പോള്‍ ഞങ്ങളെ പിന്നിലാക്കി പാഞ്ഞ് പോകുന്ന മറ്റൊരു വാഹനത്തില്‍ അവളെ കണ്ടു കൂടെ ചിരിയുടെ മാല ചാ൪ത്തിയ രണ്ട് കുരുന്നുകളും …… ഒരു മായാകാഴ്ച്ചപ്പോലെ…..

shortlink

Related Articles

Post Your Comments

Related Articles


Back to top button