മധ്യപ്രദേശ്: കൃഷി നശിച്ച് പട്ടിണിയിലായ കർഷകനെ ഭാഗ്യം തേടിയെത്തിയത് കോഹിനൂറിന്റെ രൂപത്തിൽ. ആ ഭാഗ്യശാലി മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഢിലുള്ള സുരേഷ് യാദവ് എന്ന 40കാരനാണ്. കൃഷിയിടത്തിലെ വിളകളെല്ലാം നശിച്ച് വിഷമിച്ചപ്പോഴും സർക്കാരിന്റെ പാട്ടഭൂമിയിൽ നടത്തിയ ഭാഗ്യപരീക്ഷണമാണ് കർഷകനെ ലക്ഷപ്രഭുവാക്കിയത്.
സർക്കാരിന്റെ ഖനി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമി പന്നാ ജില്ലയിലെ പാടി കൃഷൻ കല്യാൺപുരയിലാണ്. സുരേഷ് യാദവ് ഇത് പാട്ടത്തിനെടുത്തതാണ്. സ്വന്തം കൃഷിഭൂമിയിലെ വിളകൾ എല്ലാ വർഷവും കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ നശിച്ചു പോവുകയാണ് പതിവ്. ഭാഗ്യം പരീക്ഷിക്കാനാണ് ആ സമയങ്ങളിൽ വൻ തോതിൽ വജ്ര നിക്ഷേപമുണ്ടെന്നു കരുതപ്പെടുന്ന ഈ ഭൂമി പാട്ടത്തിനെടുത്തത്. മഴക്കാലത്ത് കുഴിയെടുക്കാൻ എളുപ്പമായിരുന്നു. വജ്രത്തിളക്കം സുരേഷിന്റെ കണ്ണിൽ പെട്ടത് ഏകദേശം 15 അടിയോളം കുഴിയെടുത്തപ്പോഴാണ്.
സംസ്ക്കരിക്കാത്ത ഈ വജ്രക്കല്ലിനു ഏകദേശം 5.8 കാരറ്റ് തൂക്കം ഉണ്ട്. 25–30 ലക്ഷമാണ് വിപണിയിൽ ഇതിന്റെ മതിപ്പുവില. ആന്ധ്രാപ്രദേശിലെ ഗോൽക്കോണ്ടയിൽ നിന്നും ലഭിച്ച പ്രശസ്തമായ കോഹിനൂർ രത്നത്തിന്റെ തിളക്കം ഇതിനുമുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും അമൂല്യമായതും ഇപ്പോൾ ബ്രിട്ടനിലെ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുന്നതുമായ കോഹിനൂർ രത്നം 105 കാരറ്റാണ്. സുരേഷ് കണ്ടെത്തിയ വജ്രം ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. സർക്കാർ നിയമമനുസരിച്ച് ഇത് ലേലം ചെയ്യാനാണ് തീരുമാനമെന്ന് ജില്ലയിലെ ഖനന വിഭാഗം മേധാവി സന്തോഷ് സിങ് പറഞ്ഞു.
Post Your Comments