തിരുവനന്തപുരം: ഓണച്ചെലവിനായി 6000 കോടിരൂപ കേന്ദ്രത്തില്‍ നിന്ന് വായ്പയെടുക്കാന്‍ ധനവകുപ്പ്. ജി.എസ്.ടി. നടപ്പാക്കിയതോടെ നികുതിപിരിവില്‍ വന്ന മാന്ദ്യത്തെ മറികടക്കുന്നതിനാണിത്.
കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കേന്ദ്രം അനുവദിച്ചിട്ടുള്ള വായ്പയാണ് എടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. എട്ടുമുതല്‍ ഒമ്പതുശതമാനം വരെയാണ് പലിശ.
ശമ്പളവും പെന്‍ഷനും ഉത്സവകാല ബത്തയും ക്ഷേമപെന്‍ഷനുകളുമൊക്കെ നല്‍കാന്‍ ഓണക്കാലത്ത് 8000 കോടി രൂപ വേണം. ആറായിരം കോടി വായ്പയും ശേഷിക്കുന്നത് മദ്യം, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി, രജിസ്‌ട്രേഷന്‍, വരുമാനം എന്നിവയില്‍ നിന്ന് കണ്ടെത്താനുമാണ് തീരുമാനം.
ജൂലായ് മുതലാണ് രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയത്. തിങ്കളാാഴ്ച ഇതിന് ഒരുമാസം തികയും. ആദ്യമാസങ്ങളായതിനാല്‍ നികുതി പിരിവില്‍ അനിശ്ചിതത്വമുണ്ട്. ജൂലായ് മാസത്തെ റിട്ടേണ്‍ നല്‍കാന്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ പത്തുവരെ വ്യാപാരികള്‍ക്ക് സാവകാശുണ്ട്. ഓഗസ്റ്റിലെ റിട്ടേണ്‍ സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയും നല്‍കാം. ഇതിനാല്‍ ഇപ്പോഴത്തെ നികുതി പൂര്‍ണമായും ലഭിക്കാന്‍ വൈകും.
ഈ അനിശ്ചിതത്വം ഒഴിവാക്കാന്‍ ജൂലായിലെ താത്കാലിക റിട്ടേണ്‍ ഓഗസ്റ്റ് 20-നുള്ളില്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജി.എസ്.ടി. ശൃംഖല പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് സംശയം.
മദ്യത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും നികുതി മാത്രമാണ് സര്‍ക്കാരിന് കൃത്യമായി കിട്ടുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ വരുമാനവുമുണ്ട്. മറ്റ് സാധനങ്ങളുടെ നികുതി വാറ്റില്‍ മാസം 1500 കോടിയോളം ലഭിച്ചിരുന്നു. ഇതിന് സമാനമായി ജി.എസ്.ടിയില്‍ ലഭിക്കേണ്ട തുകയാണ് വൈകുന്നത്. ഇത് തുടക്കത്തിലെ അനിശ്ചിതത്വം മാത്രമാണെന്ന് ധനമന്ത്രി പറഞ്ഞു.
Post Your Comments