തിരുവനന്തപുരം: തലസ്ഥാനത്തെ മറ്റൊരു കണ്ണൂരാക്കി അക്രമം തുടരുന്നു. കാലങ്ങളായി സിപിഎമ്മും ബിജെപിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും മാറുന്ന കാഴ്ചയാണ് ഇപ്പോൾ തിരുവനന്തപുരത്തു കാണുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിന് ശേഷം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ഇന്നലെ തലസ്ഥാനത്ത് അരങ്ങേറിയത്. ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷ് (34) ആണ് വെട്ടേറ്റു മരിച്ചത്.
ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. ഓട്ടോ ഡ്രൈവർ കൂടിയായ രാജേഷ് വീട്ടിൽ പോകാനായി കല്ലമ്പള്ളിയിലെ കടയിൽ നിന്നും പാലു വാങ്ങുമ്പോൾ ഏതാനും ബൈക്കുകളിലും ഓട്ടോകളിലുമായി വാളും വെട്ടുകത്തിയുമായി എത്തിയ 15 അംഗസംഘം കടയുടമയെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷം രാജേഷിനെ വെട്ടുകയായിരുന്നു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും നെഞ്ചിലും മറ്റുമായി നാല്പതോളം വെട്ടുകളേറ്റ നിലയിലും രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
അപ്പോഴേക്കും രാജേഷ് മരിച്ചിരുന്നു. വെട്ടിമാറ്റിയ രാജേഷിന്റെ ഇടതുകൈ അടുത്ത പറമ്പിലേയ്ക്കു വലിച്ചെറിഞ്ഞു. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയ്ക്കിടെയാണ് നഗരത്തിൽ നിന്നും മാറി ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്. ആർ.എസ്.എസിന്റെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്രവർത്തകൻ രാജേഷ് ആക്രമിക്കപ്പെട്ടത്. മണികണ്ഠൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ് വീണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാജേഷിന്റെ ശരീരത്തിൽ നാൽപ്പത്തോളം വെട്ടേറ്റെന്നാണ് ഇയാളെ ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടർമാർ പറഞ്ഞത്.
കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ അതിക്രൂരമായി മൃതദേഹം വെട്ടാറുണ്ട്. സമാനമായ രീതിയിലാണ് ഇവിടെയും കൊലപാതകം നടന്നത്. അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ഡോക്ടർമാരുടെ ശ്രമങ്ങൾക്കിടെയാണ് രാജേഷിന്റെ മരണം. വലിയ തോതിൽ രക്തം ചോർന്നു പോയതാണ് രാജേഷിന്റെ മരണത്തിന് കാരണം. അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതിന് പിന്നാലെയാണ് നഗരത്തിനുള്ളിൽ മൃഗീയമായ ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഘം പോയ ശേഷമാണ് കടയുടമയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിലെത്തിച്ചത്.സി.പി.എം.-ഡിവൈഎഫ്ഐ. പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി. നേതാക്കൾ ആരോപിച്ചു. മരപ്പണിയാണ് രാജേഷിന്റെ ഉപജവനമാർഗം. റീനയാണ് ഭാര്യ സ്‌ക്കൂൾ വിദ്യർത്ഥികളായ ആദിത്യൻ,അഭിഷേക് എന്നിവർ മക്കളാണ്.
Post Your Comments