ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മ്മാണം പുരോഗമിയ്ക്കുന്നു.അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാനാണ് അനുമതി ലഭിച്ചതെന്നും ഇതില്‍ 27 എണ്ണത്തിന്റെ ജോലികള്‍ പൂര്‍ത്തിയായെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. . അവശേഷിക്കുന്ന 46 റോഡുകളുടെ ജോലികള്‍ 2022 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബഹ്മ്ര ലോക്‌സഭയെ അറിയിച്ചു. വനം, വന്യജീവി, പരിസ്ഥിതി വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് റോഡുകളുടെ ജോലി വൈകാന്‍ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ, ശക്തമായ പാറകള്‍, കാലാവസ്ഥ പ്രശ്‌നങ്ങള്‍, ഭൂമി അനുവദിക്കുന്നതിനുള്ള കാലതാമസം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളും റോഡ് ജോലികള്‍ വൈകാന്‍ കാരണമാകുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ നിര്‍ണായകമായ നാല് റെയില്‍വേ ലൈനുകള്‍ക്ക് അനുമതി ലഭിച്ചുവെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ ബോധവാന്‍മാരാണോ എന്ന ചോദ്യത്തിന്, എല്ലാ സംഭവങ്ങളും സര്‍ക്കാര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് മറുപടി ലഭിച്ചത്. ഇന്ത്യയുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സിക്കിം മേഖലയിലെ ദോക് ലായില്‍ ഒരുമാസത്തിലധികമായി ഇന്ത്യ – ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലായിലെ ചൈനയുടെ റോഡുനിര്‍മാണം ഇന്ത്യ തടഞ്ഞതാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കം. ഈ സംഭവങ്ങള്‍ക്കിടെയാണ് അതിര്‍ത്തിയിലെ റോഡ് ജോലികളുമായി ബന്ധപ്പെട്ട വിവരം ലോക്‌സഭയില്‍ ഉന്നയിച്ചത്.
Post Your Comments