തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അക്രമം നടത്തിയത് സ്ഥലം കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമാകുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തായി. കുന്നുകുഴി വാർഡിലെ കൗൺസിലറായ ബിനു ആണ് ആദ്യം ഇവിടെ എത്തിയത്.യാതൊരു പ്രകോപനവുമില്ലാതെയാണ് രാത്രി ഒന്നരയോടെ എല്ലാം നടന്നത്. പോലീസുകാർ എല്ലാത്തിനും കാഴ്ചക്കാരായിരുന്നു. മുൻപും ബിജെപി ഓഫീസ് അടിച്ചു തകർത്തിട്ടുണ്ടെങ്കിലും അന്നും അതിനു പിന്നിൽ ബിനുവാണെന്നു വ്യക്തമായിരുന്നെങ്കിലും തെളിവുകൾ ഇല്ലാതിരുന്നതു കൊണ്ട് എല്ലാം ബിനു നിഷേധിച്ചിരുന്നു.
എന്നാൽ ഇപ്പോഴത്തെ ദൃശ്യങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്.
ദൃശ്യങ്ങൾ ഇപ്രകാരമാണ്:പാതിരാത്രിയിൽ ബിജെപി ഓഫീസിന്റെ മുന്നിലേക്ക് ബൈക്കിൽ ഐപി ബിനു എത്തി. വലിയൊരു വടിയും കൈയിലുണ്ട്. സൈഡിൽ ഒതുക്കി ഇട്ടിരുന്ന പൊലീസ് വാനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവരുമായി വാക്കേറ്റം. മിനിറ്റുകൾക്കകം കൂടുതൽ ബൈക്കുകൾ എത്തുന്നു. ഈ സമയം പൊലീസിനെ തള്ളി മാറ്റി കമ്പുമായി ബിനു ഓഫീസിന് അകത്തേക്ക്. പിന്നെ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസുകാരും.
ബിജെപി ഓഫീസിലേക്ക് തുരുതുരാ കല്ലുകളും വീഴുന്നു. മിനിറ്റുകൾ നീണ്ട അക്രമത്തിന് ശേഷം ഓഫീസിൽ നിന്ന് ബിനു ഇറങ്ങി വരുന്നു.
ഈ സമയം ഒരു പോലീസുകാരൻ ബിനുവിനെ തടയാൻ ശ്രമിക്കുകയും ബൈക്കിൽ കയറാൻ അനുവദിക്കാതെയിരിക്കുകയും ചെയ്യുന്നു. എന്നാൽ ബിനു അയാളെ കയ്യേറ്റം ചെയ്യുന്നു.ഇതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ആക്രമത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.ഈ സമയം കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കുമ്മനം ഓഫീസിലെത്തി ഫയലുകൾ പരിശോധിക്കുകയായിരുന്നു. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്.
Post Your Comments