KeralaNewsIndiaInternationalBusinessVideos

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനു ശേഷം വീണ്ടും മുഖ്യമന്ത്രി

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കോവളം കൊട്ടാരം. 

കോവളം കൊട്ടാരം ആര്‍.പി. ഗ്രൂപ്പിന് കൈമാറണമെന്ന ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം ദീര്‍ഘനാളായി മന്ത്രി സഭാ യോഗത്തിന്റെ പരിഗണനയില്‍ ആയിരുന്നു. റവന്യു വകുപ്പിന്റെയും സിപിഐയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് കൈമാറ്റം ഇത്രയും വൈകിയത്. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി കൊണ്ടാണ് ഇപ്പോള്‍ കൊട്ടാരം കൈമാറുന്നത്. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനിച്ചത്.

2. സൗജന്യം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.

പല ഡോക്ടര്‍മാരും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ചില കമ്പനികളുടെ മരുന്നുകള്‍ മാത്രമാണ് കുറിച്ച് നല്‍കുന്നതെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി. മരുന്ന് കുറിപ്പടിയില്‍ മരുന്നുകളുടെ ജനറിക് നാമം എഴുതണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും ഈ നിര്‍ദ്ദേശം പാലിക്കുന്നില്ല. മരുന്ന് വില ഉയര്‍ത്തി കൊള്ള ലാഭമുണ്ടാക്കുന്ന വന്‍കിട മരുന്ന് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഭൂരിപക്ഷം ഡോക്ടര്‍മാരും തുടരുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖ ലംഘിക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

3. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളില്‍ പുതിയ സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 

ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. മഹാസഖ്യത്തില്‍ നിന്ന് പിന്മാറി ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം രാത്രി വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ ആരംഭിച്ച ചടങ്ങില്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടെടുപ്പ് നാളെ നടക്കും.

4. ലോകത്തെ ആദ്യ 3ഡി പ്രിന്റെഡ്‌ ലബോറട്ടറി ദുബായില്‍.

ഗവേഷകര്‍ തയ്യാറാക്കുന്ന ഡിസൈനുകള്‍ക്ക് ത്രിമാന രൂപം നല്‍കുന്നതാണ് 3ഡി പ്രിന്റിംഗ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റെഡ്‌ ലബോറട്ടറിയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഡ്രോണുകളും 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയും ആയിരിക്കും. മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ പൂര്‍ത്തിയാവുന്ന ഈ പുതിയ പദ്ധതിയില്‍ നാല് ഉപ പരീക്ഷണ ശാലകളും ഉണ്ടാകും.

5. ഭൂനികുതി അടയ്ക്കാൻ പുതിയ മാർഗ്ഗവുമായി സര്‍ക്കാര്‍. 

കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേമെന്റ് എന്ന ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം. വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ആപ്ലിക്കേഷൻ ഉപയോഗിക്കാന്‍ കഴിയും. തണ്ടപ്പേരും ആധാര്‍ നമ്പറും ആപ്ലിക്കേഷനില്‍ രജിസ്റ്റർ ചെയ്യണം. ഇത് കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്ലിക്കേഷനില്‍ ഒരുക്കാനുള്ള നടപടിയും നടക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാവുന്ന പുതിയ പദ്ധതിയുടെ ചുമതല സംസ്ഥാന ഐ.ടി സെല്ലിനാണ്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വാര്‍ത്ത‍ എങ്ങനെയാണ് വന്നതെന്ന് അന്വേഷിക്കുമെന്നും ജയില്‍ എഡിജിപി പറഞ്ഞു.

2. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എഡിജിപി ബി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

3. നിതീഷ് കുമാര്‍ ബി.ജെ.പിയുമായി അടുക്കുന്നതോടെ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍, ജെഡിയു സംസ്ഥാന ഘടകം തീരുമാനിച്ചു. ബന്ധം അവസാനിപ്പിക്കുന്നതോടെ ജെ.ഡി.യു എന്ന പേര് മാറ്റാനും ആലോചനയുണ്ട്.

4. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി രാജ്യത്ത് പോഡ് ടാക്‌സിയും ഹൈപ്പര്‍ ലൂപ്പും വരുന്നു. പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ആറംഗ വിദഗ്ധ സമിതിയെ ഗതാഗത മന്ത്രാലയം നിയമിച്ചു.

5. സംസ്കാരത്തിന് ചേരുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. വിനോദ ചാനലുകളും വിദ്യാഭ്യാസ ചാനലുകളും തുടങ്ങാനാണ് പ്രധാനമായും ഉദ്ധേശിക്കുന്നതെന്ന് സംസ്ഥാന ഐ.ടി മന്ത്രി കെ.ടി രാമറാവു പറഞ്ഞു.

6. ബനസ്‌കന്ദ ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് മൊത്തം മരണസംഖ്യ 111 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button