കോഴിക്കോട്: ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത പോലീസ് മേധാവി പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ. രണ്ടരമാസംമുമ്പ് മാവൂര്‍ റോഡിലെ ഒരു ഹോട്ടലിലാണ് പോലീസ് മേധാവി മുറിയെടുത്തത്. മുറിയെടുത്ത കേരള പോലീസിലെ എ.ഡി.ജി.പി. ബില്‍തുക അടയ്ക്കാതെ മടങ്ങുകയായിരുന്നു. അന്ന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരാണ് ബില്ലടയ്ക്കാന്‍ ജില്ലാപോലീസ് അധികൃതര്‍ വിസമ്മതിച്ചതോടെ പെട്ടുപോയത്.
മാനേജ്‌മെന്റ് ഡ്യൂട്ടി മാനേജരുടെ പേരില്‍ ബില്‍ തുകയായ 8519 രൂപ പിടിച്ചുവെച്ചിരിക്കുകയാണ്. മുറിയെടുത്തയാള്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ശമ്പളത്തില്‍നിന്ന് തുക ഈടാക്കും. ഔദ്യോഗിക ആവശ്യത്തിനായി ഏപ്രില്‍ എട്ടിന് പോലീസ് ആസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്തിയ എ.ഡി.ജി.പി. രാത്രി 11.17-ന് ഹോട്ടലില്‍ നേരിട്ടെത്തി മുറിയെടുക്കുകയായിരുന്നു.
എ.ഡി.ജി.പി. തന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയശേഷം പിറ്റേന്ന് വൈകീട്ട് 7.11-നാണ് തിരിച്ചുപോയത്. ഹോട്ടല്‍ മാനേജരോട് പോകുമ്പോള്‍ ബില്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് പിറ്റേന്ന് ഹോട്ടല്‍ ജീവനക്കാര്‍ ജില്ലാ പോലീസ് മേധാവിക്ക് ബില്‍ എത്തിച്ചുനല്‍കി. ബില്‍ത്തുക അടയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബില്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയച്ചു.
1500 രൂപ മാത്രമാണ് ഗ്രേഡ് വണ്‍ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി.ക്ക് കോഴിക്കോട് നഗരത്തില്‍ മുറിവാടകയായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പണം ആരു നല്‍കുമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ഹോട്ടല്‍ മാനേജര്‍.
Post Your Comments