സിനിമാ മേഖലയിലെ സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോഴും ഇന്നസെന്റിനെ പോലുള്ള നടന്മാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കരുത് എന്ന് സംവിധായകന്‍ ആഷിക്ക് അബു. സാമൂഹികബോധം എന്നത് തീര്‍ത്തും കുറവായ മേഖലയാണ് സിനിമയെന്നും ആഷിക്ക് അബു പറയുന്നു. എത്ര സിനിമാ സെറ്റുകളില്‍ പത്രം വാങ്ങാറുണ്ടെന്ന് അന്വേഷിച്ചാല്‍ തീരും സിനിമാ മേഖലയിലെ സാമൂഹിക ബോധമില്ലായ്മയെ കുറിച്ചുള്ള സംശയങ്ങള്‍. സിനിമാ മാസികകള്‍ അല്ലാതെ മറ്റൊന്നും അവിടെ കാണാന്‍ കഴിയില്ല. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഒന്നുമറിയാത്ത പ്രവര്‍ത്തനമാണ്. പൊട്ടക്കിണറ്റില്‍ കിടന്ന് അവിടെനിന്നുമുള്ള ആകാശം മാത്രം കാണുകയാണ് അവര്‍ ചെയ്യുന്നത്. ആഷിക്ക് അബു പറഞ്ഞു.
ഇടത് സഹയാത്രികനെന്ന നിലയില്‍ ഇത്തരമൊരു മേഖലയിലേക്ക് വരുമ്പോള്‍ അസ്വസ്ഥ തോന്നുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇടത്പക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് ലിംഗനീതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും അതിന് ശേഷവും പറഞ്ഞ പ്രധാനപ്പെട്ട കാര്യം സ്ത്രീസുരക്ഷയാണ്. ഫെമിനിസം എന്നത് ഇടത് പ്രത്യശാസ്ത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകാത്തവരാണ് ഇടത്പക്ഷത്തിന്റെ സാമാജികരാവുന്നത്. ലോകത്തിലെ ഏറ്റവും പുരോഗമനപരമായ പ്രത്യശാസ്ത്രത്തിന്റെ ഭാഗമായാണ് ഇവര്‍ അറിയപ്പെടുന്നതാണ് ഏറ്റവും സങ്കടകരം. അതില്‍ പക്ഷെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആഷിക് അബു പറയുന്നു.
നടി അക്രമിക്കപ്പെട്ട സംഭവത്തോടുള്ള ഇന്നസെന്റേട്ടന്റെ ആദ്യ പ്രതികരണം, പെണ്‍കുട്ടികള്‍ എന്തിനാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് എന്നായിരുന്നു. ഞാനൊരിക്കലും ഇന്നസെന്റേട്ടനെ കുറ്റം പറയില്ല. അദ്ദേഹം അതാണ്. എംപിയായി പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം ഒരു ദുഷ്ടനായത് കൊണ്ടല്ല. വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതിന്റെ രാഷ്ട്രീയ ശരിക്കേട് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹത്തിന് അത് അറിയില്ല എന്നതാണ് വസ്തുത.
Post Your Comments