തിരുവനന്തപുരം: മദ്യപിക്കാനുള്ള സ്വാതന്ത്ര്യംകൂടി പരിഗണിച്ചിട്ടാണെങ്കിലും അല്ലെങ്കിലും സര്‍ക്കാരിന്റേതുള്‍പ്പെടെ മദ്യവില്‍പ്പനശാലകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ അവധിയില്ല. റിപ്പബ്ലിക് ദിനത്തിലും ഇതുതന്നെയാണ് സ്ഥിതി.
ആശുപത്രി, പോലീസ്, അഗ്‌നിശമന സേന, ചെക്‌പോസ്റ്റ് തുടങ്ങി അത്യാവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാണ് സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രവര്‍ത്തിക്കുന്നത്. അവധി നല്‍കണമെന്ന യൂണിയനുകളുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഓഫീസുകള്‍ക്കും മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയാണ്. വില്‍പ്പനശാലകള്‍ക്ക് അവധിനല്‍കാത്തത് വരുമാനംമാത്രം ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.
എല്ലാമാസവും ഒന്നാം തീയതി, ഗാന്ധിജയന്തി, ഗാന്ധിസ്മരണദിനം, ശ്രീനാരായണഗുരുജയന്തി, ഗുരുസമാധി, ദുഃഖവെള്ളി, ലോക ലഹരിവിരുദ്ധദിനം എന്നീ ദിവസങ്ങളില്‍ മാത്രമാണ് അവധിയുള്ളത്. ബിയര്‍-വൈന്‍ പാര്‍ലറുകളും ഇതില്‍ ഉള്‍പ്പെടും.
2001-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാംതീയതി അവധിവന്നത്. ആദ്യം കള്ളുഷാപ്പുകളും ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കി. ഇതിനിടെ ആഴ്ചയില്‍ ഒരുദിവസം വില്‍പ്പനശാലകള്‍ക്ക് മാറിമാറി അവധി എന്നത് അപ്രത്യക്ഷമായി.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെകാലത്താണ് ദുഃഖവെള്ളിക്ക് അടച്ചിടാന്‍ തുടങ്ങിയത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെകാലത്ത് ലഹരിവിരുദ്ധദിനവും അവധിയായി.
Post Your Comments