KeralaLatest News

തൃശൂരിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി

തൃശൂർ: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധി. സ്കൂൾ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെയാണ് ആഹ്ളാദ സൂചകമായി തൃശ്ശൂർ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരവിൽ പറയുന്നു.

26 വർഷത്തെ കാത്തിരിപ്പിനെടുവിലാണ് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജില്ലയിലെ കലാപ്രതിഭകൾ സ്വർണക്കപ്പ് തൃശ്ശൂരിലേക്ക് എത്തിച്ചിരിക്കുന്നത്. കാൽ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വർണക്കപ്പ് ജില്ലയിലേക്കെത്തിയതിന്റെ ആഘോഷത്തിമിർപ്പിലാണ് തൃശ്ശൂർ.

തലസ്ഥാനത്ത് നിന്നും സ്‌കൂൾ കലോത്സവത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ജില്ലയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ റവന്യു മന്ത്രി കെ.രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശ്ശൂരിന് സമർപ്പിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിലും സ്വർണ്ണക്കപ്പിനെ വരവേറ്റു.

ആർപ്പു വിളിച്ച് ചുവടുവെച്ച് കുട്ടികളും അധ്യാപകരും ഒപ്പംകൂടി. 26 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വർണ്ണക്കപ്പിൽ രണ്ടര പതിറ്റാണ്ടുകാലത്തിന് ശേഷം മുത്തമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button