Latest NewsKeralaNewsIndia

10 ലക്ഷം രൂപ കൊടുത്താല്‍ ഈ ക്വട്ടേഷനൊന്നുമില്ലാതെ തന്നെ അവര്‍ അതിനു തയ്യാറാകും :നടിയെ കുറിച്ചുള്ള ടി.പി.സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ എഡിജിപി ബി.സന്ധ്യയുടെ രഹസ്യ റിപ്പോര്‍ട്ട്

 

കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് യുവനടി ആക്രമിക്കപ്പെട്ട കേസ്. പൊലീസിനേയും സംസ്ഥാന സര്‍ക്കാറിനേയും, സിനിമാ മേഖലയേയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു കേസും ഇതുവരെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറും കേസ് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസവും തമ്മിലടിയും ഇപ്പോഴും തുടരുകയാണ് എന്നു തന്നെ പറയാം

കൊച്ചിയില്‍ അതിക്രമത്തിനിരയായ നടിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുകയും അവരെ പറ്റി മോശം പരാമര്‍ശം നടത്തുകയും ചെയ്ത മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് എ.ഡി.ജി.പി: ബി. സന്ധ്യയുടെ രഹസ്യ റിപ്പോര്‍ട്ട്. അത്യന്തം ഗുരുതര പരാമര്‍ശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറി. മംഗളത്തിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ എസ് നാരായണനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് നിയമനടപടിക്കു വിധേയനാക്കണമെന്നാണു റിപ്പോര്‍ട്ടില്‍ പ്രധാനമായി സൂചിപ്പിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും ഇക്കാര്യത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ പുലര്‍ത്തേണ്ട മാതൃകാപരമായ സമീപനത്തെക്കുറിച്ചും നാലുപേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സന്ധ്യയുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടിയശേഷം തുടര്‍നടപടിയുണ്ടാകും. സിനിമയിലെ സ്ത്രീ കൂട്ടായ്മയും സെന്‍കുമാറിനെതിരേ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ.

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിനുവേണ്ടി അണിയറയില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. വിരമിച്ചതിനുശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തിനിടയില്‍ ടി.പി സെന്‍കുമാറിനു വന്ന ഫോണില്‍ അദ്ദേഹം ഇരയെക്കുറിച്ച് വളരെ മോശമായ ഭാഷയിലാണു സംസാരിച്ചത്. ‘ഒരു കാര്യം പറയട്ടെ അവരുടെയൊക്കെ വില, മാക്‌സിമം 10 ലക്ഷം രൂപ കൊടുത്താല്‍ ഈ ക്വട്ടേഷനൊന്നുമില്ലാതെ തന്നെ അവര്‍ അതിനു തയാറാകും. അത്രയേയുള്ളൂ ഇവരുടെയൊക്കെ കാരക്ടര്‍’- എന്ന സെന്‍കുമാറിന്റെ പരാമര്‍ശം സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റമാണ്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല.

കേസന്വേഷണം നടത്തിയ തന്റെ മനോവീര്യം തകര്‍ക്കാന്‍പോലും ശ്രമിച്ചു. അങ്ങേയറ്റം ഗൗരവസ്വഭാവമുള്ള കേസായതിനാല്‍ 13 മണിക്കൂര്‍ നടന്‍ ദിലീപിനെ ചോദ്യംചെയ്യേണ്ടി വന്നു. എന്നാല്‍, ഇതിനെ പരിഹസിക്കാനും തലസ്ഥാന നഗരിയില്‍ അരങ്ങേറിയ മറ്റൊരു കേസുമായി (സ്വാമിക്കേസ്) തന്നെ ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും മുന്‍ ഡി.ജി.പി. ശ്രമിച്ചെന്നും സന്ധ്യയുടെ റിപ്പോര്‍ട്ടിലുണ്ട്. സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ കേസന്വേഷണം വഴിത്തിരിവില്‍ നില്‍ക്കുമ്പോള്‍തന്നെ നടത്തിയ ഇടപെടലുകള്‍ അങ്ങേയറ്റം സംശയാസ്പദമാണ്. ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അദ്ദേഹം നടത്തിയ അപമാനകരമായ പരാമര്‍ശം സാധാരണ വ്യക്തിയില്‍നിന്നുപോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറിയശേഷം കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സ്വാധീനമുള്ള വ്യക്തികള്‍ പ്രതികളാണെന്നിരിക്കെ അന്വേഷണത്തിന്റെ വിവരങ്ങളാണെന്ന മട്ടില്‍ ചില കാര്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത് ന്യായീകരിക്കാനാകില്ല. അന്വേഷണസംഘത്തിന്റെ ആത്മാര്‍ഥതയെ പലവട്ടം ചോദ്യംചെയ്തു.
അതു ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സെന്‍കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കേസന്വേഷണം അട്ടിമറിക്കാന്‍ കരുനീക്കം നടത്തിയതായി സംശയിക്കുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button