KeralaIndiaNewsInternationalBusinessVideos

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. കോഴ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി.ശ്രീശൻ, അംഗമായ ഏ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കതിരെ ശക്തമായ
നടപടിയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കോർ കമ്മിറ്റി യോഗത്തിൽ എം.ടി. രമേശ് തെളിവ് സഹിതം ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, രഹസ്യ സ്വഭാവമുണ്ടായിരുന്ന അന്വേഷണ റിപ്പോർട്ട് സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയാണെന്നാണ് പാർട്ടി കേന്ദ്ര
നേതൃത്വം വിലയിരുത്തുന്നത്.

2. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്ന് പ്രോസസ്സിംഗ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കാന്‍ തീരുമാനം.

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി. സൗജന്യ യാത്ര അനുവദിക്കുന്നത്. സ്റ്റേഷനറി ചാര്‍ജായി പത്ത് രൂപ മാത്രമാണ് ഈടാക്കിയിരുന്നത് .
ഇതിനു പുറമെയാണ് ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഒറ്റത്തവണയായി 100 രൂപ പ്രോസസ്സിംഗ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കാനുള്ള തീരുമാനം. ഇത് സംബന്ധിച്ച
സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

3. ദിലീപിന്റെ വിദേശ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നു. 

ദിലീപിന്റെ ഇന്ത്യയിലെ സ്ഥല ഇടപാടുകളും ബിസിനസ്സുകളും പരിശോധിച്ചതിന് പിന്നാലെയാണ് വിദേശത്ത് നടത്തിയ ഇടപാടുകളും പരിശോധിക്കുന്നത്.
വിദേശത്തുള്ള ദിലീപിന്റെ അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
സിനിമയിലൂടെയും മറ്റുമുള്ള സമ്പാദ്യം ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയിട്ടുണ്ടോ എന്നും ഇത് കുഴല്‍പ്പണമാക്കി നാട്ടിലെത്തിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കുറ്റം ബോധ്യപ്പെട്ടാല്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനെജ്മെന്റ് ആക്റ്റ് പ്രകാരം കേസെടുക്കാനും നീക്കമുണ്ട്.

4. ‘എസി’ കുടകളുമായി സൗദി സ്വദേശി. 

സൗരോര്‍ജത്തിലും, ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍ കണ്ടീഷന്‍ കുടകളുമായി എത്തിയിരിക്കുന്നത് സൗദി സ്വദേശിയാണ്. ഇതോടെ, ഉയര്‍ന്ന
താപനിലമൂലമുണ്ടാകുന്ന ഉഷ്ണ രോഗങ്ങള്‍ ഇല്ലാതാവും. മക്ക നിവാസിയും എഞ്ചിനീയറുമായി ഹാമിദ് സായീഗും, സഹപ്രവര്‍ത്തകരും ചേര്‍ന്നു രൂപ
കല്‍പന ചെയ്ത കുട ഇത്തവണത്തെ ഹജ്ജിനു ഉപയോഗപ്പെടുത്തും. മണിക്കൂറുകളോളം വെള്ളം തളിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുടയുടെ ഫാനിന്‍റെ വേഗവും നിയന്ത്രിക്കാന്‍ കഴിയും.

5. ആന്ധ്രയില്‍ ഉദ്യോഗരഥം വരുന്നു.

വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖപട്ടണത്ത്
തുടങ്ങുന്ന ഈ സംരഭത്തില്‍ ജോലിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി പറയാനും വാനില്‍ ആളുകളുണ്ടാവും. ഇതോടൊപ്പം, സ്ഥാപനങ്ങളില്‍ നിന്ന്
ഒഴിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് ആദ്യം തുടക്കമിട്ടത് വിജയവാഡയിലായിരുന്നു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ഇന്ന് കര്‍ക്കടകവാവ്. ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

2. എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് കോട്ടയത്തെ വസതിയില്‍ നടക്കും.

3. കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. അറസ്റ്റ് ചെയ്തതില്‍ ആസൂത്രിത
ഗൂഢാലോചനയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍.

4. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്ക് ഇനി ഒറ്റ അലോട്ട്മെന്‍റ് മാത്രം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുതാര്യമായ പ്രവേശനം ഉറപ്പുവരുത്തുമെന്നും കമ്മിഷണർ അറിയിച്ചു.

5. ഐഎസ്എൽ നാലാം സീസണിലേക്ക് കേരളാ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന അനസ് എടത്തൊടികയെ ജംഷഡ്പുർ എഫ്സി സ്വന്തമാക്കി. 1 കോടി 10 ലക്ഷം രൂപയായിരുന്നു
അനസിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button