തൃശൂർ: യുവാവിനെ തട്ടികൊണ്ട് പോയി പണം കവരുകയും നഗ്‌ന ചിത്രം എടുക്കുകയും ചെയ്ത നാലംഗ ഗുണ്ടാ സംഘം പിടിയിൽ. കൊഴുക്കുള്ളി തോക്കാട്ടുകര ചക്കാലയ്ക്കൽ ബിനോയ്(38 ) നെ തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് അറസ്റ്റ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മാന്ദാമംഗലം സോജൻ, അരണാട്ടുകര ടിജോയ്, നെടുപുഴ ശ്രീക്കുട്ടൻ, ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. രണ്ടാം പ്രതിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന് പണം നൽകി സഹിച്ചത് ബിനോയ് ആണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ കഴിഞ്ഞ മെയ് 21ന് ആക്രമണം നടത്തിയത്. പൂത്തോൾ എക്‌സൈസ് അക്കാദമിക്ക് സമീപത്തു വെച്ച് ബിനോയിയുടെ ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പുത്തുർ ചെമ്പംങ്കണ്ടത്തെ വനപ്രദേശത്ത് എത്തിച്ച ബിനോയിയെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും നഗ്‌ന ചിത്രങ്ങൾ എടുക്കുകയും ചെയ്‌തു. 2 ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഇവർ ബിനോയിയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് അന്ന് തന്നെ ബിനോയ് ആദ്യ ഗഡുവായ 30000 രൂപ നൽകി. തുടർന്ന് പലപ്പോഴായി ബിനോയ് ഇവർക്ക് 98000 രൂപ നൽകുകയുണ്ടായി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിനോയ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. ബിനോയ് പരാതി നൽകിയതറിഞ്ഞ് ഒളിവിലായിരുന്ന ഇവരെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാന്ദാമംഗലം രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടിയത്.
Post Your Comments