കൊച്ചി : ശ്രീശാന്ത് ബി.ജെ.പിക്കാരന്‍ ആയതുകൊണ്ടാണോ ഈ വിവേചനം. ചോദ്യം ഉന്നയിച്ച് ടീം ഫൈവ് സിനിമയുടെ നിര്‍മാതാവ് രംഗത്ത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ രംഗത്തുവന്നു. . സിനിമ പുറത്തിറങ്ങിയിട്ട് രണ്ടുദിവസമായി. എന്നാല്‍ ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കാനോ മാര്‍ക്കറ്റിങ് ചെയ്യാനോ ആരും തയ്യാറാകുന്നില്ല. മലയാളത്തില്‍ പുതുമുഖങ്ങള്‍ സിനിമ ചെയ്യുകയെന്നാല്‍ ട്രെയിനിന് തലവെക്കുന്നത് പോലെയാണെന്നും ടീം ഫൈവിന്റെ നിര്‍മ്മാതാവ് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇനിയിപ്പോള്‍ ശ്രീശാന്ത് ബിജെപിക്കാരന്‍ ആയതുകൊണ്ടാണോ ഇങ്ങനെയൊരു വിവേചനം എന്നറിയില്ല. പോസ്റ്ററൊട്ടിക്കുന്നവന്‍ കോണ്‍ഗ്രസുകാരനോ, ഇടതുപക്ഷക്കാരനോ ആയെന്നും വരാം. വിളിച്ച് പറഞ്ഞിട്ടും ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കുന്നില്ല.കൈയ്യില്‍ നിന്നും പണംമുടക്കി സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ മാത്രമെയുളളു.
എറണാകുളം ജില്ലയില്‍ ഒരിടത്തും ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ല. സിനിമകള്‍ തകര്‍ക്കാനുളള ഗൂഢശ്രമമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ വിലക്ക് ഏര്‍പ്പെടുത്തും. തന്റെ മുന്‍ചിത്രമായ പൈസ പൈസ എന്ന സിനിമയ്ക്കും ഇതായിരുന്നു അവസ്ഥയെന്നും രാജ് സക്കറിയ വ്യക്തമാക്കി.
Post Your Comments