കോട്ടയം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു മാറ്റി. പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടര്‍ന്നാണ് പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന പതിനേഴുകാരിയെയാണ് ഇന്നലെ രാവിലെ എട്ടോടെ കോട്ടയം എസ്.എച്ച്. മൗണ്ടിലെ ഹെലിപാഡില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ ഗംഗ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്കു മാറ്റിയത്.
എസ്.എച്ച്. മൗണ്ടില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സില്‍ എത്തിച്ചശേഷം അവിടെനിന്നാണു എയര്‍ ആംബുലന്‍സിലേക്കു പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രോഗിയെ എയര്‍ ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ചികിത്സ ഏറ്റെടുത്തിരിക്കുന്നത് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന എന്‍.ജി.ഒയാണ്.
പെണ്‍കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ചികിത്സിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട സൗകര്യങ്ങളുള്ള എയര്‍ ആംബുലന്‍സില്‍ ഒരു ഡോക്ടറും രണ്ടു നഴ്‌സുമാരുമുണ്ടായിരുന്നു. കോയമ്പത്തൂരിലേക്കു പെണ്‍കുട്ടിയൊടൊപ്പം അമ്മയും എയര്‍ ആംബുലന്‍സില്‍ പോയിട്ടുണ്ട്.
ഒമ്പതരയോടെ യുവതിയ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ 14ന് രാത്രി ഏഴിനാണു പെണ്‍കുട്ടിയെ സമീപവാസിയും അകന്ന ബന്ധുവുമായ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments