ചടയമംഗലം: ജടായുപ്പാറ അയോദ്ധ്യയിലെ രാമജന്മഭൂമിക്ക് തുല്യമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രൊഫ.ചമ്പത്ത് റായി. ജടായുപ്പാറയില്‍ നിർമ്മാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പവും കോദണ്ഡരാമക്ഷേത്രവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാല്മീകി രാമായണത്തില്‍ പരാമര്‍ശിക്കുന്ന ജടായുമോക്ഷം നടന്ന പുണ്യഭൂമി ഇതുതന്നെയാണ്. രാമായണത്തിലെ സ്ഥലവര്‍ണനയും ഭൂമിശാസ്ത്രപരമായ തെളിവുകളും അതിന് ബലമേകുന്നുവെന്നും അതുകൊണ്ട് ജടായുപ്പാറ പവിത്രമായ തീര്ത്ഥാടന സ്ഥലമാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമായണം ഭാരതം ലോകത്തിന് നല്കിയ അത്ഭുതമാണ്. മര്യാദാപുരുഷോത്തമനായ ഭഗവാന്‍ രാമന്‍ ലോകഹൃദയങ്ങളില്‍ ജീവിക്കുന്നത് ഭാരതം എപ്പോഴു സ്‌നേഹിക്കുന്നത് കൊണ്ടാണ്. ലോകമാതാവായ സീതാദേവിയെ കടത്തിക്കൊണ്ടുപോയ രാവണനെ തടയാന് ജടായുവിന് പ്രേരണയായതും ധര്മ്മബോധമാണ്. ഈ ധര്മ്മഭൂമി അക്ഷരാര്‍തഥത്തില്‍ മോക്ഷഭൂമി കൂടിയാണെന്നും ചമ്പത് റായി പറഞ്ഞു.വിശ്വഹിന്ദു പരിഷത് വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്, സംസ്ഥാന ജനറല് സെക്രട്ടറി വി.മോഹനന്, ബിജെപി ദേശീയ കൗണ്സില് അംഗം കെ.ശിവദാസന്നായര്, ക്ഷേത്രഭാരവാഹികളായ അശോകന്, ജയകുമാര്, കൃഷ്ണകുമാര്, ജടായുപ്പാറ ഇക്കോടൂറിസം മേധാവി രാജീവ് അഞ്ചല്‍, രാമചന്ദ്രന്പിള്ള, ജയപ്രകാശ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Post Your Comments