Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം കേരളത്തില്‍; ഏപ്രിലില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എന്ന റെക്കോർഡ് കേരളത്തിന്. ഏപ്രിലോടുകൂടി ജടായുപാറ എന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ജടായു പക്ഷിശില്‍പം ഒരുങ്ങുന്നത്. സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി.

ജടായുപദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചത് സംവിധായകന്‍ രാജീവ് അഞ്ചലാണ്. 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ പാറക്കെട്ടിലേക്ക് ഒരു ശില്പിയായിട്ടാണ് രാജീവ് അഞ്ചല്‍ എത്തിയത്. സർക്കാർ ഇവിടെ ഒരു ശില്‍പം പണിയാന്‍ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. ഇതിനിടെ ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തുടർന്ന് ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെത്തന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് 65 ഏക്കര്‍ പാറക്കെട്ടിൽ ജടായുപാറ പദ്ധതിക്ക് തുടക്കമായത്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരമുള്ള പാറക്കെട്ടില്‍ എങ്ങനെ ജലമെത്തിക്കുമെന്നതായിരുന്നു ഇവർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.

ജലം സുലഭയായതോടെ താഴ്‌വരയിൽ പച്ചപ്പ് മൂടാൻ തുടങ്ങി. ഔഷധസസ്യങ്ങളുടെ കൂട്ടം തന്നെ ഇവിടെ വെച്ചുപിടിപ്പിച്ചു. ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. അങ്ങനെ മികച്ച ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതി രൂപപ്പെട്ടു. ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാര്‍ഷികമാതൃകയ്ക്കും രൂപം നല്‍കുന്നുണ്ട്.പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ് ശില്പത്തിനടുത്ത് സഞ്ചാരികളെ എത്തിക്കുക.

ശില്പത്തിനുള്ളിലെ അത്ഭുതക്കാഴ്ചകളാണ് കേബിള്‍ കാറിലൂടെയെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത്. ഒട്ടേറെ സഞ്ചാരികൾക്ക് കൂറ്റന്‍ ശില്പത്തിനുള്ളിലേക്ക് ഒരുസമയം കടന്നുചെല്ലാം. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭവമാണ് ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടര്‍ന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം. പക്ഷിയുടെ ഇടത്തേക്കണ്ണിലൂടെ ദൂരെ അറബിക്കടലും വലത്തേക്കണ്ണിലൂടെ സമീപദൃശ്യങ്ങളും കാണാന്‍ കഴിയും.

മാത്രമല്ല ശില്പത്തിനുള്ളില്‍ തന്നെ രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തീയറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാറക്കെട്ടും താഴ്വരകളും നിറഞ്ഞ ജടായുവിലൂടെ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും ഈ പദ്ധതിയുടെ ഭാഗമാണ്.

12 വര്‍ഷങ്ങള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ജടായു ടൂറിസം പദ്ധതി ഈ ഏപ്രിലോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. സപ്തംബറില്‍ രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പൂര്‍ണമായും സഞ്ചാരികള്‍ക്ക് സ്വന്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button