കൊച്ചി: ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയതിന്റെ സൂചനകൾ വന്ന് തുടങ്ങി. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമ മേഖല ഇപ്പോൾ ഫുൾ സ്റ്റോപ്പ് ഇട്ടതുപോലെ നിലച്ചിരിക്കുകയാണ്. പല സിനിമകളും മുടങ്ങിയതുകാരണം വ്യസായികൾക്ക് 60 കോടിയുടെയെങ്കിലും നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.
ദിലീപ് നായകനായ നാലു ചിത്രങ്ങളുടെ ഭാവിയാണ് തുലാസിൽ . ടോമിച്ചൻ മുളകുപ്പാടം നിർമിച്ച ‘രാമലീല’ റിലീസിനു സജ്ജമാണ്. പക്ഷെ ഗോകുലം മൂവീസിന്റെ ‘കമ്മാരസംഭവം’, അശോക് കുമാറിന്റെ ‘സഞ്ചാരി’, സനൽ തോട്ടം നിർമിക്കുന്ന ‘പ്രഫ. ഡിങ്കൻ’ എന്നിവ പൂർത്തിയായിട്ടില്ല. തത്കാലത്തേക്ക് രാമലീലയുടെ റിലീസ് വേണ്ടെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിനു 14 കോടി രൂപയാണ് ചെലവായത്.
ഓണം റിലീസ് ആയിട്ടാണ് ഗോകുലം മൂവീസ് 20 കോടിയിലേറെ ചെലവിട്ടു നിർമിക്കുന്ന കമ്മാരസംഭവം ലക്ഷ്യമിട്ടിരുന്നത്. പ്രീ പ്രൊഡക്‌ഷൻ ജോലികളിലാണ് ത്രിഡി ചിത്രമായ പ്രഫ.ഡിങ്കൻ. 24 കോടിയാണ് നിർമാണച്ചെലവ്. അശോക് കുമാർ നിർമിച്ചു സംവിധാനം ചെയ്യുന്ന സഞ്ചാരിയുടെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളാണ് ശേഷിക്കുന്നത്. ആറു കോടിയോളം രൂപ ചെലവിട്ട ചിത്രത്തിന്റെ ഭാവിയും അവ്യക്തം.
നാദിർഷ ദിലീപിനെ നായകനാക്കി ആലോചിക്കുന്ന ചിത്രം, ‘റൺവേ’ യുടെ രണ്ടാം ഭാഗം, വാളയാർ പരമശിവം തുടങ്ങിയ പ്രോജക്ടുകളും സ്തംഭിച്ചു. വിവാദങ്ങൾ പ്രേക്ഷകരെ തിയറ്ററുകളിൽ നിന്ന് അകറ്റുന്നുവെന്ന സൂചനയുമുണ്ട്. തിയറ്ററുകളിലുള്ള മിക്ക ചിത്രങ്ങളുടെയും കലക്‌ഷനിൽ ഇടിവുണ്ട്. ആദ്യനാളുകളിൽ ഹിറ്റിലേക്കു കുതിച്ച ചിത്രത്തിനു പോലും പിന്നീടു കലക്‌ഷൻ കുറഞ്ഞു.
Post Your Comments