കോഴിക്കോട് : മടവൂര്‍ സിഎം സെന്റര്‍ സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ജൂലായ് 14 ന് രാവിലെ ഏഴരയോടെയായിരുന്നു മടവൂര്‍ സി.എം സെന്ററിലെ 13 വയസുകാരന് മാജിദ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി ഷൗക്കത്ത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ ബാപ്പ വയനാട് മാനന്തവാടി സ്വദേശി മമ്മൂട്ടി സഖാഫി, വല്യുപ്പ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. പരാതിയുടെ കോപ്പി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും അയച്ചു.
ജൂലായ് 14 ന് രാവിലെ ഏഴ് മണിക്ക് മരണം നടന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ വീട്ടില്‍ മകന് അപകടത്തില്പെട്ടതായുള്ള വിവരം സ്ഥാപനത്തില്‍ നിന്നും അറിയിക്കുന്നത് രാവിലെ ഒമ്പതരയ്ക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ പിടിക്കപ്പെട്ട പ്രതി തന്നെ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അബ്ദുള്‍ മാജിദ് സി എം സെന്ററില്‍നിന്ന് പലവിധ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഇവിടെത്തെ ജീവനക്കാരെയും സംശയമുണ്ട്. ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ വീട്ടിലേക്ക് അടുത്ത ദിവസംതന്നെ വരുമെന്ന് കുട്ടി പറഞ്ഞിരുന്നു. സംഭവം നടന്നപ്പോള്‍ ബക്കറ്റുമായി വീണ് പരിക്കേറ്റെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Post Your Comments