
ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിനാൽ അവിടെ നിന്നും ഇന്ത്യയിലേക്ക് മെഡിക്കൽ വീസ തേടുന്നവർക്ക് പാക്ക് സർക്കാരിന്റെ ശുപാർശ കത്തു വേണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അനധികൃതമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയതാണ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ആ സ്ഥലം. അതുകൊണ്ട് തന്നെ അവിടെനിന്നുള്ളവർക്കു വീസ നൽകും. അതിനായി പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ എഴുത്തിന്റെ ആവശ്യമില്ലെന്നും ട്വിറ്ററിലൂടെ സുഷമ പറഞ്ഞു.
കരളിൽ ട്യൂമർ ബാധിച്ച ഉസാമ അലിക്ക് (24) മെഡിക്കൽ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷനു കത്തെഴുതാൻ സർതാജ് അസീസ് വിസമ്മതിച്ചു. ഇതു ചൂണ്ടികാട്ടി ഉസാമ അലിയുടെ കുടുംബം സുഷമ സ്വരാജിനെ സമീപിച്ചു. ഇതേ തുടർന്ന് സംഭവത്തിൽ സുഷമ ഇടപ്പെട്ട് മെഡിക്കൽ വീസ അനുവദിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ റാവ്‌ലകോട്ടിലാണ് അലി താമസിക്കുന്നത്. സാകേതിലെ സ്വകാര്യ ആശുപത്രിയിലാണ് അലിയുടെ കരൾമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് മെഡിക്കൽ വീസയിൽ എത്തേണ്ടവർ പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശ കൂടി വേണമെന്ന് ഈ മാസം ആദ്യം സുഷമ ട്വീറ്റ് ചെയ്തിരുന്നു. ആ നിലപാടാണ് ഈ സംഭവത്തെ തുടർന്ന് സുഷമ മാറ്റിയത്.
Post Your Comments