തൃശൂർ: പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ ഐജിക്കാണ് ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള നിർദേശം നൽകിയത്. ഏങ്ങണ്ടിയൂർ സ്വദേശി വിനായക് (19) ആണ് പോലീസ് കസ്റ്റഡിയിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്. വിനായക് ആത്മഹത്യ ചെയാനുള്ള കാരണം പോലീസ് മർദനമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് വിനായകിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുമായി സംസാരിച്ചെന്നു പറഞ്ഞായിരുന്നു പോലീസ് നടപടി. ഇതേ തുടർന്ന് വിനായക് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. മാല മോഷ്ടാവാണെന്നു സംശയിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
വിനായകനു പുറമെ സുഹൃത്ത് ശരത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഇരുവരെയും മോഷ്ടാക്കളാണെന്ന് സമ്മതിക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശരത്ത് പറയുന്നു. ഇതിനു പുറമേ വിനായകനോട് മുടി വെട്ടണമെന്നു പോലീസ് ആവശ്യപ്പെട്ടെന്നും ശരത്ത് കൂട്ടിച്ചേർത്തു.
Post Your Comments