ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ചരിത്രപരമായ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രിയും സങ്കുചിത ചിന്തയ്ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയുടെ തുടക്കമാണിതെന്ന് സോണിയാഗാന്ധിയും പറഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഈമാസം 20നാണ് വോട്ടെണ്ണല്‍. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 25നാണ് സ്ഥാനമൊഴിയുന്നത്.
പാര്‍ലമെന്റിന്റെ അറുപത്തിരണ്ടാം മുറിയിലാണ് വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷസ്ഥാനാര്‍ഥി മീരാകുമാറും തമ്മിലാണ് മത്സരം. ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ബിഹാര്‍ സ്വദേശിയായ മീരാകുമാര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമാണ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പി.മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട്‌ചെയ്യും. എം.പി.മാര്‍ക്ക് അതത് സംസ്ഥാനത്തുള്ള കേന്ദ്രത്തിലും വോട്ട് ചെയ്യാം. എം.എല്‍.എ.മാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കേന്ദ്രത്തില്‍ വോട്ടുചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചാണ് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തേണ്ടത്.
Post Your Comments