ആലപ്പുഴ: ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയിൽ കൊച്ചുതറയിൽ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകൽ മൂന്നു മണിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽ വെച്ചായിരുന്നു നടന്നത്. അന്നത്തെ വരൻ വി എസ് വിവാഹജീവിതമേ വേണ്ട എന്ന തീരുമാനത്തിൽ നടന്ന ആളായിരുന്നു. എന്നാൽ എൻ സുഗതന്റെയും മറ്റെല്ലാവരുടെയും ഉപദേശപ്രകാരമാണ് വി എസ് 43 -ആം വയസ്സിൽ വിവാഹിതനാവാൻ തീരുമാനിച്ചത്.
വധു വസുമതിക്കു 29 വയസ്സ് പ്രായവും. വിഎസ്–വസുമതി ദമ്പതികൾ ഒരുമിച്ചുള്ള ജീവിതം ഇന്ന് അൻപതു വർഷം പിന്നിടുന്നു. വിവാഹത്തിനു കതിർമണ്ഡപമൊരുങ്ങിയില്ല. പുടവ നൽകിയില്ല. നാലുകൂട്ടം പായസവുമായി സദ്യയില്ലായിരുന്നു. പരസ്പരം മാലയിടൽ മാത്രമായിരുന്നു ചടങ്ങ്. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. രാത്രി വാടകവീട്ടിലേക്ക്. കഞ്ഞിവയ്ക്കാൻ ചട്ടിയും കലവും മുതൽ അരിസമാനങ്ങൾ വരെ കണ്ടെത്തേണ്ടതു കല്യാണപ്പെണ്ണിന്റെ ചുമതലയായിരുന്നു. അമ്പലപ്പുഴ എം എൽ എ ആയിരുന്ന വി എസ് പിറ്റേന്ന് രാവിലെ വധുവിനെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭയിലേക്ക് പോയി.
രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി നിഴൽപോലെ ഇന്നും കഴിയുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിച്ച ശേഷം വിഎസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ സാക്ഷിയുമായി. മക്കളായ അരുണും ആശയും പേരക്കുട്ടികളും നിറഞ്ഞ കുടുംബം സസുഖം വാഴുന്നു. എന്നത്തേയും പോലെ ഇന്നത്തെ ദിവസവും ആഘോഷമില്ലാതെ കടന്നു പോകും. എന്നാൽ അന്നത്തെ വധു വസുമതി ഇന്ന് ഒരു പായസം ഉണ്ടാക്കാൻ മറക്കില്ല.
Post Your Comments