ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. പ്രധാനമന്ത്രി മോദിയുടെ രൂപത്തില്‍ ‘മറ്റൊരു’ ഗാന്ധിജിയെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്‍മാരാണ്. വലിയ പ്രചോദനമാണ് പ്രധാനമന്ത്രിയെന്നും മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ദേശീയ ഗാന്ധി മ്യൂസിയം മുന്‍ഡയറക്ടര്‍ വൈ.പി. ആനന്ദിന്റെ പുസ്തക പ്രകാശന വേദിയിലാണ് മന്ത്രിയുടെ പ്രസ്താവന. പുസ്തകം ഇന്നത്തെ കാലത്ത് ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈ.പി. ആനന്ദ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. രാഷ്ട്രപിതാവിനെപ്പോലെ വിവിധ തലമുറകളെ സ്വാധീനിച്ച നേതാവാണ് മോദിയെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ സംഭാവനകളെക്കുറിച്ച് സംസാരിച്ച മന്ത്രി മഹേഷ് ശര്‍മ, ഉപ്പു സത്യാഗ്രഹത്തിലൂടെ ഗാന്ധിജി തലമുറകളെയാണ് പ്രചോദിപ്പിച്ചതെന്നും പറഞ്ഞു. സമാനമായ പ്രവര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഓരോ വ്യക്തിയിലുമെത്തിക്കുമെന്ന ഉറപ്പ് നല്‍കിയാണ് മോദി ഭരണം ആരംഭിച്ചത്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുകയെന്നാണ് മോദിയുടെ സ്വപ്നം. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങളും ചിന്തകളും യാഥാര്‍ഥ്യമാക്കുകയെന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതലയെന്നും മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
Post Your Comments