കണ്ണൂർ : സാമ്പത്തിക തിരിമറി ആരോപണത്തിന്‍റെ പേരിൽ മുൻ കൃഷി മന്ത്രി കെ പി മോഹനനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പാനൂർ സർക്കാർ ആശുപത്രിക്ക് സ്ഥലം വാങ്ങാനായി പണം പിരിച്ച് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് തലശ്ശേരി വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.പി മോഹനൻ മന്ത്രി ആയിരുന്ന കാലത്താണ് കേസിനാസ്‌പദമായ സംഭവം അരങ്ങേറുന്നത്.
പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെന്ന് കാണിച്ചാണ് കെട്ടിട നിര്‍മാണത്തിന് സ്ഥലം വാങ്ങുന്നതിനായി ജനങ്ങളില്‍നിന്ന് പിരിവ് നടത്തിയത്. 250 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ജനങ്ങളില്‍നിന്ന് പിരിവെടുത്ത് 4 .5 കോടി രൂപ സമാഹരിക്കുകയുണ്ടായി. എന്നാൽ പിന്നീട് സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുകയോ പിരിച്ചെടുത്ത തുക കമ്മറ്റിക്ക് നല്‍കുകയും ചെയ്‌തില്ല. ഇതിനെത്തുടർന്നാണ് തലശ്ശേരി ജനകീയ വേദി പ്രസിഡന്‍റ് മനീഷ് കുമാർ പരാതി നൽകിയത്. ആശുപത്രിക്കായി സമാഹരിച്ച തുക മുൻ മന്ത്രി സ്വന്തം ആവശ്യത്തിനായി ചിലവഴിച്ചെന്നും പരാതിയിൽ ചൂണ്ടി കാട്ടുന്നു.
കേസിൽ ത്വരിതാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഏതന്വേഷണത്തിനേയും സ്വാഗതം ചെയ്യുന്നു എന്നും . പണത്തിന്‍റെ കൃത്യമായ കണക്കുകൾ ലീഗൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയെന്നും കെ പി മോഹനൻ ഈ വിഷയത്തിൽ പ്രതികരിച്ചു.
Post Your Comments