കര്‍ക്കടക മാസം രാമായണ മാസം എന്നാണ് അറിയപ്പെടുന്നത്. സീതാ ദേവിയുടെ മക്കളായ ലവകുശന്മാരെ കൊണ്ട് വാത്മീകി മഹര്‍ഷി രാമായണം ആദ്യമായി പാടിച്ചത് ഒരു കര്‍ക്കടക മാസത്തിലായിരുന്നു. പൊതുവേ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന മാസമാണ് കര്‍ക്കടക മാസം. ഇതില്‍ നിന്ന് മോചനം ലഭിക്കാനായി ആചാര്യന്മാര്‍ ഉപദേശിച്ച മാര്‍ഗമാണ് രാമായണ പാരായണം. കര്‍ക്കടക മാസത്തില്‍ രാമായണം വായിക്കുന്നത് ഏറ്റവും വലിയ പാപമായ മാതൃഹത്യക്ക് വരെ പരിഹാരമാകുമെന്നാണ് വിശ്വാസം.
കേടുപാടുകള്‍ ഒന്നും സംഭവിക്കാത്ത മഹത് ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്കോട്ട് അഭിമുഖമായിരുന്ന് വേണം രാമായണം വായിക്കാന്‍. അക്ഷര ശുദ്ധിയോടെയും എകാഗ്രതയോടെയും വേണം രാമായണം വായിക്കാന്‍. രാമായണ പാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീ രാമാ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം. ശ്രേഷ്ഠ കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്ത് ആരംഭിച്ച് നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്ത് നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിര്‍ത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്റെ അവസാന ഭാഗത്ത് നല്കിയിട്ടുള്ള രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്ത് വേണം അവസാനിപ്പിക്കാന്‍.
കര്‍ക്കടക മാസത്തില്‍ പാരായണം ചെയ്യുമ്പോള്‍ ദിവസങ്ങളുടെ എണ്ണം നോക്കി രാമായണത്തിന്റെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തില്‍ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തില്‍ അവസാനിപ്പിക്കരുത്. തലേ ദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്ത ദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്. ശ്രീരാമ ഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യാ സമയം. ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസപ്പെടുമെന്നും അതിനാല്‍ ഹനുമാന്‍ കോപിക്കുമെന്നുമാണ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍ ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്.
ജനങ്ങള്‍ ഭക്തി മൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ട് തന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. രാവിലെയോ വൈകീട്ടോ രാത്രിയിലോ എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണ പാരായണം ചെയ്യാം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണം കൂടെ ഉണ്ട്. രാമായണം വായിക്കുന്നിടത്തെല്ലാം ഹനുമാന്‍ സന്തോഷത്തോടെ കേള്‍ക്കാന്‍ ഇരിക്കുമെന്നും ആനന്ദാശ്രു പൊഴിക്കുമെന്നുമാണ് വിശ്വാസം. ദേവന്മാരും ഗന്ധര്‍വന്മാരും യക്ഷന്മാരും പരേതാത്മക്കളും ഇത് കേള്‍ക്കാന്‍ ഇരിക്കും. അങ്ങനെ വരുമ്പോള്‍ ഇവരുടെയെല്ലാം സന്ധ്യാ വന്ദനം മുടങ്ങും. ഇക്കാരണത്താല്‍ സന്ധ്യാ സമയത്ത് രാമായണ പാരായണം നിര്‍ത്തി വെക്കുകയും പിന്നീട് പാരായണം തുടരുകയും ചെയ്യും.
Post Your Comments