Karkkidakam

ആചാരങ്ങള്‍ക്കും ആയുര്‍വേദത്തിനും പ്രാധാന്യമുള്ള കര്‍ക്കടമാസം

മലയാളികള്‍ പൊതുവേ പഞ്ഞമാസമെന്നു വിശേഷിപ്പിക്കുന്ന മാസമാണ് കര്‍ക്കടകം. എന്നാല്‍ വിശ്വാസത്തിന്‍റെയും അചാരത്തിന്‍റെയും ഒരു നീണ്ട മാസമാണ് കര്‍ക്കടകമെന്നു കാണാം. കര്‍ക്കടകം ഒന്നുമുതല്‍ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം നടത്താറുണ്ട്.  കര്‍ക്കടകമാസത്തില്‍ രാമായണ പാരായണം വീടുകളില്‍ ആചാരമായി തന്നെ ചെയ്തു വരുന്നു… ശ്രീഭഗവതിക്ക് വയ്ക്കുക, മുക്കുറ്റിചാറെടുത്ത്‌ കുറിയായി തൊടുക, നാലമ്പല ദർശനം(തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങ്യാലക്കുട കൂടല്‍മാണിക്യംക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ക്ഷേത്രം, പായുമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം) എന്നിവയെല്ലാം കര്‍ക്കടകമാസാചരണത്തില്‍ പെടുന്നു.

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം.രാമന്റെ അയനം (യാത്ര) എന്നാണ്‌ രാമായണത്തിനര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും ഇത് അറിയപ്പെടുന്നു. ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.  കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണ്ടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.

ബ്രഹ്മര്‍ഷി മാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജയ്യത തുടങ്ങിയ ഗുണങ്ങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ്‌ രാമായണം തുടങ്ങുന്നത്. പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്.

ഹിന്ദു ധര്‍മ്മത്തിന്റെ മാഹാത്മ്യം  ഏതാണ്ട് പൂര്‍ണ്ണമായും വിളിച്ചറിയിക്കുന്ന ഒന്നാണ് രാമായണ കഥ.  ഈ മനുഷ്യ ജന്മത്തിന്റെ  ഉദ്ദേശമെന്ത്, ഈ ജന്മത്തില്‍ പാലിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ, ചെയ്യാന്‍ അരുതാത്തതേവ, തിന്‍മയേത്, മോക്ഷ പ്രാപ്തി എങ്ങനെ കൈവരിക്കാം എന്നിങ്ങനെ  മനുഷ്യന്റെ  നിത്യ ജീവിതത്തില്‍, അവനവനു നേരിടേണ്ടി വരുന്ന നൂറായിരം  പ്രശ്‌നങ്ങളിലോരോന്നിനും, വ്യക്തവും, സത്യ നിഷ്ഠവുമായ മറുപടി തരുന്ന അതി വിശിഷ്ട ഗ്രന്ഥമത്രേ രാമായണം.

 സമൂഹ്യ ജീവിതത്തിന്റെ ഏതുമേഖലയില്‍ സഞ്ചരിക്കുന്നവരായാലും , അവര്‍ക്ക് വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്. നല്ല പിതാവ് എങ്ങനെയായിരിക്കണമെന്നതിന് ദശരഥമഹാരാജാവ് മാതൃകയാകുന്നുണ്ട്. ഉത്തമ ഭാര്യക്ക് സീതയും, ഊര്‍മ്മിളയും,മണ്ഡോദരിയുമുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള  സ്‌നേഹ വിശ്വാസത്തിനും, പരസ്പര ബഹുമാനത്തിനും രാമ-ലക്ഷ്മണ-ഭരത- ശത്രുഘ്‌നന്‍മാരുമുണ്ട്. ഉത്തമദാസനു ഉദാഹരണമായി ഹനുമാനും, സുഗ്രീവനുമുണ്ട്. സന്നിദ്ധ ഘട്ടങ്ങളില്‍ സാരോപദേശം നല്‍കാന്‍, ഗുരുശ്രേഷ്ഠന്‍മാരായ  വസിഷ്ഠനും, വിശ്വാമിത്രനുമുണ്ട്. അപവാദങ്ങളുടെ പേരില്‍  അബലയും, അനാഥയും സര്‍വ്വോപരി  ഗര്‍ഭിണിയുമായ,ഭര്‍ത്താവിനാല്‍  കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട (സീത) സ്ത്രീക്ക് സ്വാന്തനവും, അഭയവും നല്‍കി ആശ്വസിപ്പിക്കാന്‍ വാല്മീകി എന്ന ദൈവ ദൂതനുണ്ട്. ദുഷ്ട  നിഗ്രഹത്തിനും, ശിഷ്ട സംരക്ഷണത്തിനും വില്ലാളി വീരന്‍മാരായ  രാമ ലക്ഷമണ്‍മാരുണ്ട്. ഉത്തമ ഭരണാധികാരികള്‍  എങ്ങനെ ആയിരിക്കണമെന്നതിന്, അനുപമമായ രാമനും, ഭരതനുമുണ്ട്. ഇങ്ങനെ ഒരു കുലത്തിലെ മുഴുവന്‍ വീരന്മാരും ദൈവീകമായ ഒരു തലത്തില്‍ നില്‍ക്കുന്ന രാമായണം രാമന്‍റെ വിജയ കഥകൂടിയാണ്.

 ആചാരങ്ങള്‍ക്ക് പുറമേ ആയുര്‍വേദത്തിലും കര്‍ക്കിടകമാസത്തിനു വളരെ പ്രാധാന്യമുണ്ട്… നമ്മുടെ ആരോഗ്യ ശീലങ്ങള്‍ മാറിക്കഴിഞ്ഞു. ഫാസ്റ്റ് ഫുഡും മട്ട്ടും നിത്യ ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ നമ്മുടെ കാലാവസ്ഥയുടെ പെട്ടന്നുള്ള മാറ്റം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തളര്‍ത്തുന്നു.   കര്‍ക്കിടകം മഴക്കാലമാണ്. ശാരീരിക ദോഷങ്ങളെ കോപിപ്പിക്കുകയും അതുമൂലം ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ മറ്റൊരു കാലം ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടാണ് ആയുര്‍ വേദ ചികിത്സയ്ക്കായി കര്‍ക്കിടക മാസം തെരഞ്ഞെടുക്കുന്നത്. കര്‍ക്കടകം രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്. കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.

ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍.

കര്‍ക്കടകത്തില്‍ ആഹാരത്തില്‍ പഥ്യം പാലിക്കുകയും ചെയ്യാറുണ്ട്. കേരളത്തിലെ ഋതുക്കള്‍ പ്രധാനമായും മൂന്നാണ്. ചൂടുകാലം, തണുപ്പുകാലം, മഴക്കാലം. ഒരു ഋതുവില്‍ നിന്നും പൊടുന്നനേ മറ്റൊരു ഋതുവിലേക്ക് കടക്കുക എന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്. കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്‍റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കടകക്കഞ്ഞി

കര്‍ക്കടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം. മുമ്പ് തൊടിയില്‍ നിന്നും ഔഷധങ്ങള്‍ പറിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്. പിന്നീട് ആയുര്‍ വേദ കടകളില്‍ നിന്നും മരുന്നിനങ്ങള്‍ വാങ്ങി കഞ്ഞിയിലിട്ട് ഉപയോഗിച്ചു പോന്നു. ഇപ്പോഴാകട്ടെ കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ വിവിധ ആയുര്‍വേദ സ്ഥപനങ്ങള്‍ ഇത് വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്.കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.

ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവ ചേര്‍ത്ത് കുറച്ച് നെയ്യ് ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്. ഈ ഔഷധ കഞ്ഞി കഴിക്കുന്നതു മൂലം അഗ്നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹന പ്രകൃയയെ സഹായിക്കുകയും സുഖ വിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു. സ്ത്രീകൾ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button